കളക്ടറും പോലീസ് മേധാവിയും പായിപ്പാട്ടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

post

ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിനുണ്ട് ; പരാതികള്‍ ഇല്ലെന്ന് അതിഥി തൊഴിലാളികള്‍

കോട്ടയം : ഭക്ഷ്യവസ്തുക്കളും വെള്ളവും ആവശ്യത്തിനുണ്ടെന്നും നിലവില്‍ പരാതികള്‍ ഒന്നുമില്ലെന്നും പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍. അടിസ്ഥാന സൗകര്യങ്ങളും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനായി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിനോടും ജില്ലാ പോലീസ് മേധാവി ജി. ജയദേവിനോടും സംസാരിക്കുകയായിരുന്നു അവര്‍.ലോക് ഡൗണ്‍ തീരുന്നതുവരെ നാലു ദിവസത്തിലൊരിക്കല്‍ അരിയും പലവ്യഞ്ജന സാധനങ്ങളും ജില്ലാ ഭരണകൂടം ക്യാമ്പുകളില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവശ്യത്തിന് വെള്ളം നല്‍കിവരുന്നു. ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ വെള്ളത്തിന്റെ ഉപയോഗത്തില്‍ പാലിക്കേണ്ട നിയന്ത്രണം സംബന്ധിച്ച് തൊഴില്‍ വകുപ്പും ഗ്രാമപഞ്ചായത്തും തൊഴിലാളികളെ ബോധവത്കരിക്കണം. ഏതെങ്കിലും ക്യാമ്പുകളില്‍ ആവശ്യത്തിന് വെള്ളം ഇല്ലാത്ത സാഹചര്യമുണ്ടായാല്‍ എത്തിക്കുന്നതിന്  ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. കെട്ടിട ഉടമകള്‍ തൊഴിലാളികളോട് വാടക ഈടാക്കാന്‍ പാടില്ല-കളക്ടര്‍ പറഞ്ഞു.  

ലോക് ഡൗണ്‍ തീരുന്നതുവരെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നും വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടറും ജില്ലാ പോലീസ് മേധാവിയും തൊഴിലാളികളോടു പറഞ്ഞു. ചങ്ങനാശേരി തഹസില്‍ദാര്‍ ജിനു പുന്നൂസ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു, ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) പി.ജി. വിനോദ് കുമാര്‍ തുടങ്ങിയവരും സന്നിഹിതരായി.