കൊറോണ പ്രതിരോധം: മാതൃക തീര്‍ക്കുന്ന കാസര്‍കോട്

post

കൊറോണക്കാലത്തെ അതിജീവിക്കാന്‍ ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി 

കാസര്‍കോട് : ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ് 19 വൈറസ് ഭീഷണിയെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്  ജില്ലാ ഭരണകൂടവും  ആരോഗ്യ വകുപ്പും പോലീസും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏതൊരു ഭരണ സംവിധാനത്തിനും ഉദാത്തമായ മാതൃകയാണ്. കൊറോണ ജില്ലയില്‍ വ്യാപിക്കുന്നതിന് മുമ്പ് തന്നെ കൃത്യമായി, അച്ചടക്കത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണത്തിനും തുടക്കമിടാന്‍ ജില്ലാ  ഭരണകൂടത്തിനായി. ജില്ലയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫെബ്രുവരി മൂന്നു മുതല്‍ തന്നെ  കാര്യക്ഷമമായി കാര്യങ്ങള്‍ നിയന്ത്രിച്ചു വന്നു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട ജില്ലകളിലൊന്നായ കാസര്‍കോട്  ചിട്ടയായ ശാസ്ത്രീയ രീതികള്‍് അവലംബിച്ച് ഈ മഹാമാരിക്കെതിരെ പോരാടുകയാണ്. ജില്ലയില്‍ കോവിഡ് ബാധിച്ചുള്ള മരണം ഒഴിവാക്കുന്നതിന് സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ചെയര്‍മാനായ  ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെയും  ആരോഗ്യവകുപ്പ്, പോലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന ഫലമായാണ്. എ.ഡി.എം. എന്‍.ദേവിദാസാണ് ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് മാനേജര്‍. 

കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്‍സിഡന്റ് കമാന്‍ഡേഴ്‌സ്

വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ജില്ലയിലെ ഏഴ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇന്‍സിഡന്റ് കമാന്‍ഡേഴ്‌സിനെ നിയമിച്ചത് കൊറോണ വ്യാപനം തടയാന്‍ സഹായകമായി. ഇന്‍സിഡന്റ് കമാന്‍ഡേഴ്‌സിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ പ്രദേശത്തെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.  എ.ഡിഎം എന്‍ ദേവിദാസിനാണ് ജില്ലയുടെ  ചുമതല, സബ് കളക്ടര്‍ അരുണ്‍ കെ വിജയനാണ് കാഞ്ഞങ്ങാട് സബ് ഡിവിഷനുകീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  ആര്‍ ഡി ഒ അഹമ്മദ് കബീര്‍ കാസര്‍കോട് സബ് ഡിവിഷന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും , തഹസില്‍ദാര്‍മാര്‍ അതത് താലൂക്കുകളിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  

ജില്ലയിലെ കോവിഡ് നിയന്ത്രണ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും പ്രതിരോധ നടപടികളെല്ലാം ഇത്രയും ഫലപ്രദമാകനുള്ള പ്രധാന കാരണം കൃത്യ സമയത്ത് തന്നെ ജില്ലയില്‍ രൂപീകരിക്കപ്പെട്ട ജില്ലാ കളക്ടര്‍ തലവനായ കോര്‍കമ്മിറ്റിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ വി രാംദാസ്, ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ.എ.ടി മനോജ്, കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോരാജാ റാം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പേഷ്യന്റ് ആന്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയും ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍, ആര്‍.ടി.ഒ എസ് മനോജ്, ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍, കാഞ്ഞങ്ങാട്, കാസര്‍കോട് സപ്ലൈകോ മാനേജര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കമ്മിറ്റി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.റജികുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എം.കേശവന്‍ , ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫുഡ് ആന്റ് എസെന്‍ഷ്യല്‍ സര്‍വ്വീസ് മാനേജ്മെന്റ് കമ്മിറ്റി എന്നീ മൂന്ന് സബ് കമ്മിറ്റികളുമാണ് ഉള്ളത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എന്‍ എച്ച് എം ജില്ലാ  പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ ജിവനക്കാര്‍ തുടങ്ങിയവര്‍ രോഗ നിയന്ത്രണത്തിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഓരോ ദിവസവും വീട്ടിലെത്തി പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരില്‍  നിന്നും, കൊറോണ വൈറസുമായി ബന്ധപ്പെട്ട് സജ്ജമാക്കിയ കോള്‍ സെന്ററുകളില്‍ നിന്നും ദിവസേന ഉള്ള വിവര ശേഖരണങ്ങള്‍, വീടുകളില്‍ ഐസോലേറ്റ് ചെയ്യപ്പെട്ടുള്ളവരുടെ  നിരീക്ഷണത്തിന് വാര്‍ഡ്തല ജാഗ്രതാസമിതികള്‍, വൈറസ് ബാധയുണ്ടാകാന്‍ സാധ്യത മാത്രം കല്പ്പിക്കപ്പെട്ടുള്ള ആളുകളില്‍ നിന്നേ തുടങ്ങിയുള്ള ജാഗ്രത, അതിഥി തൊഴിലാളികളോടുള്ള കരുതല്‍, ഭക്ഷണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്കായി കമ്മ്യൂണിറ്റി കിച്ചണുകള്‍, അവശ്യ സാധനങ്ങളുമായി പോലീസ് വീടുകളിലെത്തുന്നുണ്ട്. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  ഐജി വിജയ് സാഖറെ, ഉത്തരമേഖലാ ഐജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, ടെലികമ്മ്യൂണിക്കേഷന്‍ എസ് പി ഡി ശില്‍പ, ഡിവൈസ്പിമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ അഹോരാത്രം പരിശ്രമിക്കുന്നു.