വീടുപണിക്ക് സ്വരൂപിച്ച സമ്പാദ്യം ദുരിതാശ്വാസ നിധിക്ക് നല്‍കി തോമസ്

post

തൃശൂര്‍ : വീടുപണിയാന്‍ സ്വരൂക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് പരിയാരം സ്വദേശി കറുകുറ്റിക്കാരന്‍ വീട്ടില്‍ കെ ജെ തോമസ്. കുടുക്കയില്‍ കൂട്ടി വെച്ച ചില്ലറ തുട്ടുകള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാറിന് തോമസ് കൈമാറി. 8500 രൂപയുടെ ചില്ലറ നാണയങ്ങളാണ് മന്ത്രിക്ക് നല്‍കിയത്. 10 സെന്റ് ഭൂമിയില്‍ ഇടിഞ്ഞു വീഴാറായ ഒരു ചെറിയ പുരയിലാണ് തോമസിന്റെ ജീവിതം. വീട് മാറ്റി പണിയാന്‍ രണ്ട് വര്‍ഷമായി കൂട്ടി വെച്ചതായിരുന്നു ഈ തുക. വീടിന്റ അറ്റുകുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കുടുക്കകള്‍ പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കണമെന്ന് കേട്ടത്. വിദ്യാര്‍ത്ഥിയല്ലെങ്കിലും തോമസ് ഉടന്‍ തന്നെ തന്റെ കാശു കുടക്കകള്‍ പൊട്ടിച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ മന്ത്രി സുനില്‍കുമാറിന് കൈമാറുകയായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന കലാകാരനും പൊതു പ്രവര്‍ത്തകനുമാണ് പരിയാരം തുമ്പാക്കോട് കറുകുറ്റിക്കാരന്‍ ജോണിയുടെയും മറിയത്തിന്റേയും മകനായ തോമസ്.