കാഴ്ച പരിമിതർക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് പരിശീലനം; ദീപ്തി പദ്ധതി പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

post

കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽസാക്ഷരത നൽകുന്നതിനുള്ള കേരള സംസ്ഥാന സാക്ഷരതാമിഷന്റെ പദ്ധതിയായ 'ദീപ്തി ബ്രെയിൽ സാക്ഷരത' അകക്കണ്ണിന്റെ വെളിച്ചം ഒന്നുകൂടി ഉറപ്പിക്കാനുള്ള മികച്ച ചുവടുവെയ്പ്പാണെന്ന് ഉന്നതവിദ്യാഭ്യാസ,  സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നടത്തിയ നൈപുണിവികസന പരിശീലനത്തിൽ പങ്കെടുത്ത പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സാക്ഷരതാ മിഷൻ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സാർവത്രിക സാക്ഷരത അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്ത് ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്ന നമ്മുടെ സഹോദരങ്ങൾക്ക് അക്ഷരവെളിച്ചത്തിലേക്ക് കടന്നുവരാൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. അത്തരം പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള പ്രവർത്തനങ്ങൾ വളരെ ഗംഭീരമായ രീതിയിൽ തന്നെ മുന്നോട്ടുകൊണ്ടുപോകാൻ ദീപ്തി പദ്ധതിയിലൂടെ സംസ്ഥാന സാക്ഷരതാമിഷന് സാധിക്കുന്നുണ്ട്. അസാപ് കേരളയുടെ സഹായത്തോടെ സംഘടിപ്പിച്ച നൈപുണിവികസന പരിശീലനം ഒരു പുതിയ കൂട്ടായ്മയുടെ തുടക്കം തന്നയാണെന്നും അതിലൂടെ വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അകലങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കാഴ്ച പരിമിതരായ പഠിതാക്കൾക്കുള്ള ബ്രെയിലി ഉപകരണങ്ങൾ എത്തിച്ചു നൽകുന്നതിനായി മിഷൻ നടത്തിയ പരിശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു.

കാഴ്ച പരിമിതരെ പുതിയ തൊഴിലിടങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ  ആഗസ്റ്റ് 6 മുതൽ 31 വരെ 'അസാപ് കേരള'യുടെയും 'ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡി'ന്റെയും സഹകരണത്തോടെ ദീപ്തി ബ്രെയിൽ പദ്ധതി പഠിതാക്കളിൽ നിന്നും തെരഞ്ഞെടുത്ത 15 പേർക്കാണ് 'കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആൻഡ് ഐടി' തൊഴിൽ പരിശീലനം നൽകിയത്

ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. അസാപ് കേരള ചെയർപേഴ്സൺ ഉഷ ടൈറ്റസ്, സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.