വിഷൻ 2031 : മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സംസ്ഥാനതല സെമിനാർ നടത്തി

post

പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തും: മന്ത്രി ജെ ചിഞ്ചുറാണി

വിഷൻ 2031 സെമിനാർ പരമ്പരയുടെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കൊല്ലം കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു.

മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ വെല്ലുവിളികളെ അതിജീവിച്ച് പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പ്രവാസിമലയാളികളെയും സംരംഭകരെയും ആകർഷിക്കാൻ ഡയറി സ്റ്റാർട്ട്അപ് ഗ്രാമങ്ങളും കിടാരിപാർക്കുകളും തുടങ്ങും. അസംഘടിത ഇറച്ചി ഉല്പാദനമേഖല ഉടച്ചുവാർക്കും. ഇറച്ചിക്കോഴികളെ കൂട്ടമായിവളർത്തുന്ന 1,000 ബ്രോയ്ലർ ഗ്രാമങ്ങൾ അടുത്ത വർഷം മുതൽ ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാളും ജില്ലകളിൽ അറവുശാലാഉപോല്പന്ന വ്യവസായങ്ങളും സാധ്യമാക്കുന്ന റെൻഡറിംഗ് പ്ലാന്റുകളും സ്ഥാപിക്കും. കാലിപ്രജനനം, മൃഗചികിത്സ, പദ്ധതിആസൂത്രണനിർവഹണം എന്നിവയിൽ നിർമിതബുദ്ധിയുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തും.

പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് മുന്നേറുന്ന കേരളത്തിന് 2031 ഓടെ പാൽ ഉൽപ്പാദനം 70 ലക്ഷം ലിറ്ററിൽ നിന്ന് 95 ലക്ഷമായി വർധിപ്പിക്കുകയും പശുക്കളുടെ ഉൽപ്പാദനക്ഷമത 10.79 ലിറ്ററിൽ നിന്ന് 12 ലിറ്റർ ആക്കുകയുമാണ് ലക്ഷ്യം. ദിനംപ്രതി ആഭ്യന്തര മുട്ട ഉൽപ്പാദനം 60 ലക്ഷത്തിൽ നിന്ന് 84 ലക്ഷമായി ഉയർത്തുകയും മാംസോൽപ്പാദനം 40% വർധിപ്പിക്കുകയും ചെയ്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും വേണം. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ കർഷകരുടെയും സംരംഭകരുടെയും വരുമാനം ഇരട്ടിയാക്കുകയാണ് വിഷൻ 2031 വിഭാവനംചെയ്യുന്നത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.


ലോകവിപണിയിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ പാലും ഇറച്ചിയും കയറ്റുമതിചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് ചടങ്ങിൽ അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. പാൽ, മാംസം എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. എട്ട് ലക്ഷം കുടുംബങ്ങളാണ് പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. 3,600 ക്ഷീരസംഘങ്ങളുണ്ട്. 2021-2022 മുതൽ 2023-24 വരെയുള്ള മൃഗസംരക്ഷണ, ക്ഷീരമേഖലയുടെ വികസനത്തിനായി 439 കോടി രൂപയാണ് മാറ്റിവച്ചത്. തദ്ദേശസ്ഥാപനങ്ങൾ വഴി 348 കോടി രൂപയും മാറ്റിവച്ചു. സാങ്കേതികവിദ്യ വികസിപ്പിച്ച് കൂടുതൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കൂടി ഭക്ഷ്യനിർമാണമേഖലയുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

പാലുല്പാദനരംഗം, മുട്ട-മാംസ ഉല്പാദനരംഗം എന്നിങ്ങനെ രണ്ടു വിഷയങ്ങളിലായി സെമിനാറുകൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം പത്തുവർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി. നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് കുമാർ കൃഷ്ണപിള്ള, മിനി സുനിൽ, മിൽമ ചെയർമാൻ കെ. എസ് മണി, ജനിതകവിദഗ്ധൻ ഡോ. സി. റ്റി. ചാക്കോ, വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ. പി സുധീർ ബാബു, പ്ലാനിംഗ് ബോർഡ് അഗ്രി ചീഫ് എസ്. എസ്. നാഗേഷ്, വെറ്ററിനറി കോളജ് മീറ്റ് ടെക്നോളജി വിഭാഗം പ്രൊഫസർമാരായ ഡോ.വി എൻ വാസുദേവൻ, ഡോ. ഇർഷാദ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എം. സി. റെജിൽ, ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മിൽമ മാനേജിങ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, കേരള ഫീഡ്സ് മാനേജിങ് ഡയറക്ടർ എ. ടി. ഷിബു, കെ എൽ ഡി ബി മാനേജിങ് ഡയറക്ടർ ആർ. രാജീവ്, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ സലിൽ കുട്ടി, കെപ്കൊ മാനേജിങ് ഡയറക്ടർ പി. സെൽവകുമാർ, മേഖലാവിദഗ്ധരായ ആർ. വേണുഗോപാൽ, റാണാ രാജ്, എസ് ഹരികൃഷ്ണൻ, സുരേഖ ആർ. നായർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജീജ സി കൃഷ്ണൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി. ഷൈൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മൃഗസംരക്ഷണ, ക്ഷീരവികസനമേഖല- നയരേഖ അവതരിപ്പിച്ച് മന്ത്രി


അടുത്ത അഞ്ചുവർഷക്കാലത്തേക്ക് മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിൽ കേരളം കൈവരിക്കേണ്ട നേട്ടങ്ങളുടെ നയരേഖ അവതരിപ്പിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പിന്റെ സംസ്ഥാനതല സെമിനാർ സമാപനത്തിലാണ് ചർച്ചകൾ ക്രോഡീകരിച്ചുള്ള രേഖ അവതരിപ്പിച്ചത്. 

കാർഷികമേഖലയ്ക്ക് നൽകുന്ന പരിഗണന മൃഗസംരക്ഷണ- ക്ഷീരവികസനമേഖലയ്ക്കും ലഭ്യമാക്കണം. മേഖലയിലെ സ്വകാര്യ-സഹകരണസംഘങ്ങളെ ബന്ധിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. ശാസ്ത്രീയ-ആധുനിക അറവുശാല നിർമ്മിക്കും, ലൈസൻസ് നൽകി സംഘടിതമാക്കും. അനധികൃത അറവുശാലകൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൃഗസംരക്ഷണ-ക്ഷീരവികസനമേഖലയിലെ നെപുണ്യവികസനത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കേഷൻ ഉറപ്പാക്കും. കർഷകർക്കും സംരംഭങ്ങൾക്കും ഇ-മാർക്കറ്റിംഗ് പ്ലാറ്റ്ഫോം അവതരിപ്പിക്കും. മുട്ടഗ്രാമം പദ്ധതി വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കും. ഉൽപാദനക്ഷമത കൂടിയ ഉരുക്കളെ വാങ്ങാൻ പദ്ധതികൾ രൂപീകരിക്കും. തൊഴിലുറപ്പ് തൊഴിലാളികളെപോലെ ക്ഷീരകർഷകരെ പരിഗണിക്കുന്നതിനു കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായാൽ കൂടുതൽ പ്രയോജനപ്പെടും.

ക്ഷീരകർഷകരുടെ നിശ്ചിതയോഗ്യതയുള്ള മക്കൾക്ക് മിൽമയിൽ തൊഴിൽ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതും പരിഗണനയിലാണ്. 182 ബ്ലോക്ക്പഞ്ചായത്തുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റ് ലഭ്യമാക്കും. ഭാഷാന്യൂനപക്ഷപ്രദേശങ്ങളിൽ അറിയിപ്പുകൾ നൽകാൻ സംവിധാനങ്ങൾ ഒരുക്കും. നാടൻപശുക്കളെ വംശനാശഭീഷണിയിൽ നിന്ന് സംരക്ഷിക്കും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. പേവിഷബാധ നിർമാർജനത്തിന് പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിക്കും. വകുപ്പുതല സെമിനാറിൽ നിന്നുണ്ടായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും 2031 ൽ വിവിധ നേട്ടങ്ങളും പുരോഗതിയും കൈവരിക്കുന്നതിന് ഗുണകരമാകും എന്നും മന്ത്രി വ്യക്തമാക്കി.