വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ആനുകൂല്യമായി 34.18 കോടി രൂപ അനുവദിച്ചു; വിതരണം ഉടൻ

post

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് ബുദ്ധിമുട്ട് നേരിട്ട മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി നൽകിയിരുന്ന മണ്ണെണ്ണ ആനുകൂല്യം നല്‍കുന്നതിന്റെ കാലയളവ് ദീർഘിപ്പിച്ച് 34.18 കോടി രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറക്കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണ കാലയളവായ രണ്ട് വർഷത്തേക്ക് പുലിമുട്ട് നിർമ്മാണം കാരണം മത്സ്യബന്ധനത്തിന് ബുദ്ധിമുട്ട് നേരിട്ട മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് മുഖാന്തരം സൗജന്യനിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്തിരുന്നു. വിഴിഞ്ഞം സൗത്ത്, വിഴിഞ്ഞം നോർത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളങ്ങൾക്കായിരുന്നു ഈ ആനുകൂല്യം അനുവദിച്ചിരുന്നത്. തുടർന്ന് 2022 മുതൽ ഒരു വർഷം കാലത്തേക്ക് കൂടി മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകുകയും, അതുപ്രകാരം ആനുകൂല്യം വിതരണം ചെയ്യുകയും ചെയ്തിരുന്നു. പുലിമുട്ട് നിര്‍മ്മാണ കാലയളവ് നീണ്ടുപോയതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭ്യർത്ഥന മാനിച്ച് ഈ പദ്ധതി വീണ്ടും 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചാണ്‌ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായിട്ടുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമനുസൃത രജിസ്ട്രേഷൻ ഉള്ള 1256 എഞ്ചിനുകൾക്കാണ് ആനുകൂല്യം ലഭിക്കുക. എത്രയും വേഗം തന്നെ തുക മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.