സ്‌കൂൾ കായികമേള - നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ കൈറ്റ്

post

ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സ് - ഗെയിംസ് മത്സരങ്ങൾ ഒരുമിച്ച് നടത്തുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കാൻ എല്ലാ സംവിധാനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി.

സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെ 742 ഇനങ്ങളുടെ (പുതുതായി ഉൾപ്പെടുത്തിയ കളരിപ്പയറ്റ് മത്സരം ഉൾപ്പെടെ) മത്സര നടത്തിപ്പിന്റെ മുഴുവൻ വിശദാംശങ്ങളും കൈറ്റ് തയ്യാറാക്കിയ www.sports.kite.kerala.gov.in  പോർട്ടൽ വഴിയാണ് ലഭ്യമാക്കുന്നത്. 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും, മത്സര പുരോഗതിയും, മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളുമെല്ലാം ഈ പോർട്ടലിലൂടെ ലഭിക്കും. ജില്ലയും സ്‌കൂളും തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയുമുള്ള ഫലങ്ങൾ പോർട്ടലിൽ ലഭ്യമാകും. ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി-യും (സ്‌കൂൾ സ്‌പോർട്‌സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ) നിലവിലുണ്ട്.

എല്ലാ ദിവസവും രാവിലെ 6:30 ന് മത്സരങ്ങൾ ആരംഭിക്കുന്നത് മുതൽ മത്സരങ്ങൾ അവസാനിക്കുന്ന രാത്രി എട്ടു മണിവരെ പ്രധാനപ്പെട്ട അഞ്ച് വേദികളിൽ നിന്ന് കൈറ്റ് വിക്ടേഴ്സ് തത്സമയ സംപ്രേഷണം നടത്തും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സ്റ്റുഡിയോ ഫ്ലോർ സജ്ജീകരിക്കുന്നത്. ഇതിന് പുറമെ സെൻട്രൽ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സ്, ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ എന്നീ കേന്ദ്രങ്ങളിൽ നിന്നും വിപുലമായ ലൈവ് കവറേജുണ്ടാകും. മറ്റു വേദികളിൽ നിന്നുള്ളവ ഡിഫേർഡ് ലൈവ് ആയും  സംപ്രേഷണം ചെയ്യും.മത്സര വിവരങ്ങളും, പോയിന്റ് നിലകളും, വിജയികളെക്കുറിച്ചുള്ള വിവരങ്ങളും, അഭിമുഖങ്ങളും, ഫൈനലുകളുടെ സ്ലോമോഷൻ റിവ്യൂകളും കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും.

KITE VICTERS ആപ്പിലും, victers.kite.kerala.gov.in   സൈറ്റിലും കൈറ്റിന്റെ itsvicters യുട്യൂബ് ചാനലിലും, ഇ-വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാവുന്നതാണ്. ലിറ്റിൽ കൈറ്റ്‌സ്, സ്‌കൂൾ വിക്കി അംഗങ്ങളുൾപ്പെടെ നൂറിലധികം പേരടങ്ങുന്ന ടീം കൈറ്റിൽ നിന്നും കായികമേളയുടെ ഭാഗമാകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു.