വിഷൻ 2031 : ഭാവി ജലനയ രൂപീകരണത്തിന് കരുത്തേകി ജലവിഭവ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ

post

സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ ഭാവി ജല നയങ്ങൾക്ക് രൂപം നൽകാൻ വിഷൻ 2031ന്റെ ഭാഗമായി ജലവിഭവ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. 17 ലക്ഷമായിരുന്നതിൽനിന്ന് 48 ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞ 10 വർഷംകൊണ്ട് സാധിച്ചു. വിഷൻ 2031 സെമിനാറിലൂടെ 2031 ൽ കേരളം എങ്ങനെയായിരിക്കണം എന്ന ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ജലത്തെ ആശ്രയിച്ചാണ് നമ്മുടെ നാടിന്റെ നിലനിൽപ്പ്. കുട്ടനാട്ടിലെ നെൽവയലുകൾ മുതൽ ഇടുക്കിയിലെ മലനിരകൾ വരെ മണ്ണിനെ പോഷിപ്പിക്കുന്ന നദികൾ മുതൽ കായലുകൾ വരെ നമുക്ക് അനുഗ്രഹവവും വെല്ലുവിളിയുമാണ്. ജലവിഭവത്തിന്റെ മാനേജ്‌മെന്റ് കാര്യക്ഷമമായി സർക്കാർ നടത്തിവരുന്നു. ജലാശയങ്ങളുടെ ആഴം വർധിപ്പിക്കൽ, ഡാം ഡീസിൽറ്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിന് മൈക്രോ ഇറിഗേഷൻ പദ്ധതികളും നടപ്പാക്കുന്നു. ശാസ്ത്രീയ കൃഷിരീതികളിലൂടെ വിളവ് വർധിപ്പിക്കുകയാണ് ലക്ഷ്യം. നമ്മുടെ നാട്ടിൽ നിന്നുള്ള ഹില്ലി അക്വ കുപ്പിവെള്ളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു.

1500 ലധികം പേരാണ് സെമിനാറിൽ പങ്കെടുത്തത്. രാവിലെ 10 ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ, ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് എന്നിവർ ആമുഖ പ്രഭാഷണവും ജലവിഭവ വകുപ്പിന്റെ വിവിധ പദ്ധതികളുടെ റിപ്പോർട്ട് അവതരണവും നടത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ 27 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ നൽകിയതായി റിപ്പോർട്ടിൽ വിശദീകരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണഭോക്താങ്ങളുടെ എണ്ണം 2.54 കോടിയായി ഉയർന്നു. ഗാർഹിക കണക്ഷനുകൾ 45.73 ലക്ഷമായി വർധിച്ചു. ജൽജീവൻ മിഷൻ, കിഫ്ബി, അമൃത് പദ്ധതി, നബാർഡ്, റീബിൽഡ് കേരള തുടങ്ങിയ വിവിധ ഏജൻസികൾ വഴി ജലവിഭവ വകുപ്പിന്റെ പദ്ധതികൾ പുരോഗമിക്കുകയാണ്. കിഫ്ബി വഴി 5406.94 കോടിയുടെ പദ്ധതികൾ പുരോഗമിക്കുന്നു. നഗരങ്ങളിൽ ജലമെത്തിക്കുന്ന അമൃത് പദ്ധതിയിൽ 1376.62 കോടിയുടെ 206 കുടിവെള്ള പദ്ധതികൾ പുരോഗമിക്കുന്നു. റീബിൽഡ് കേരളയിൽ 303 കോടിയുടെ 17 പദ്ധതികളാണ് നടപ്പാക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി.

എല്ലാവർക്കും സുസ്ഥിരമായ ജലവിതരണ സംവിധാനങ്ങൾ ഉറപ്പാക്കൽ, മലിനീകരണ നിയന്ത്രണം-ശുദ്ധീകരണ സാങ്കേതികവിദ്യകൾ, ജല പുനരുപയോഗം, ഭൂഗർഭജല സംരക്ഷണം, റീചാർജ്, സുസ്ഥിരമായ ഉപയോഗം, സുസ്ഥിര ജലസംരക്ഷണവും വിഭവ പരിപാലനവും സമഗ്ര ജലവിഭവ പരിപാലനം കനാൽ അറ്റകുറ്റപ്പണികൾക്കുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്.

എം എൽ എ മാരായ എം.എം. മണി, എ. രാജ, കേരള വാട്ടർ അതോറിറ്റി എം ഡി പി.ബി. നൂഹ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.ജെ. ബെന്നി, വാർഡ് കൗൺസിലർ ജാൻസി ബേബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ, ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർമാരായ ബിനോയ് ടോമി ജോർജ്, വി.കെ. പ്രദീപ്, ഗ്രൗണ്ട് വാട്ടർ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് റിനി റാണി, സംഘാടക സമിതി അംഗങ്ങളായ ഇടുക്കി ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം തോമസ് തുടങ്ങിയവർ പങ്കെടുത്തു.