കോവിഡ് 19 രോഗ നിയന്ത്രണത്തിന് പുതിയ മാര്‍ഗരേഖയായി; കേരളത്തെ നാലു മേഖലകളായി തരംതിരിച്ചു

post

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 രോഗ നിയന്ത്രണത്തിന് പുതിയ മാര്‍ഗരേഖയായി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ വിഭാഗങ്ങളായി ജില്ലകളെ തരംതിരിച്ച് ഉത്തരവായി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ മേയ് മൂന്നു വരെ പൂര്‍ണമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് ഓറഞ്ച് എ വിഭാഗത്തിലുള്ളത്. 24 വരെ പൂര്‍ണ ലോക്ക്ഡൗണ്‍ ഇവിടങ്ങളിലുണ്ടാവും. ഇതിനു ശേഷം ചെറിയ ഇളവുകള്‍ പരിഗണിക്കും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തിലുള്ളത്. ഇവിടെ 20 വരെ പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ഇതിനു ശേഷം ഇളവുകള്‍ അനുവദിക്കും. കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തി. ഇവിടെയും 20 വരെ ലോക്ക്ഡൗണ്‍ തുടരും. തുടര്‍ന്ന് ഇളവുകള്‍ നല്‍കും.

ഹോട്ട്സ്പോട്ടുകളിലും രോഗം കൂടുതല്‍ ബാധിച്ച ജില്ലകളിലും പൂര്‍ണ പ്രതിരോധം ഒരുക്കും. ഈ മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ടാവും. അവശ്യ സേവനങ്ങളല്ലാതെയുള്ള എല്ലാ നീക്കങ്ങളും മറ്റു സ്ഥലങ്ങളില്‍ നിയന്ത്രിക്കും. അതിര്‍ത്തികളിലും നിയന്ത്രണം തുടരും. അടിയന്തരപ്രാധാന്യമുള്ള യാത്രകള്‍, ചരക്കുനീക്കം എന്നിവ മാത്രം അതിര്‍ത്തികളില്‍ അനുവദിക്കും.

ആരോഗ്യ, വെറ്ററിനറി ജീവനക്കാര്‍, ശാസ്ത്രജ്ഞര്‍, നഴ്സുമാര്‍, പാരമെഡിക്കല്‍ സ്റ്റാഫ്, ലാബ് ടെക്നീഷ്യന്‍മാര്‍, മിഡ്വൈവ്സ്, ആശുപത്രി സേവന സംവിധാനങ്ങള്‍ എന്നിവയല്ലാതെയുള്ള വിമാനയാത്രകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങള്‍ക്കല്ലാതെയുള്ള ട്രെയിന്‍ യാത്രകളും അനുവദനീയമല്ല. ജില്ലകള്‍ക്കിടയിലെ പൊതുഗതാഗതം, മെട്രോ റെയില്‍ സര്‍വീസ്, ആരോഗ്യാവശ്യങ്ങള്‍, മാര്‍ഗനിര്‍ദ്ദേശത്തിലുള്ള മറ്റ് അടിയന്തരആവശ്യങ്ങള്‍ എന്നിവയ്ക്കല്ലാതെയുള്ള സംസ്ഥാന, ജില്ലാന്തര യാത്രകള്‍ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം. മാര്‍ഗരേഖ പ്രകാരമല്ലാതെയുള്ള എല്ലാ വ്യാവസായിക, വാണിജ്യ നടപടികളും നിര്‍ത്തും. മാര്‍ഗനിര്‍ദ്ദേശപ്രകാരമാല്ലാതെയുള്ള ഹോട്ടല്‍ സേവനം, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയുടെ സേവനം, സിനിമ ഹാള്‍, മാളുകള്‍, ഷാപ്പിംഗ് കോംപ്ലക്സ്, ജിം, കായിക കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ളി ഹാളുകള്‍, സമാന സ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്.

സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, പഠന, സാംസ്‌കാരിക, മത ചടങ്ങുകളും ജനങ്ങള്‍ ഒത്തുചേരുന്ന മറ്റു പരിപാടികളും ഒഴിവാക്കും. ആരാധനാലയങ്ങള്‍ അടച്ചിടും. വിവാഹം, മരണാനന്തരചടങ്ങുകള്‍ എന്നിവയില്‍ 20 പേരിലധികം ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റെഡ് വിഭാഗത്തിലെ ജില്ലകള്‍, ഹോട്ട്സ്പോട്ടുകളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് രണ്ട് എന്‍ട്രി, എക്സിറ്റ് പോയിന്റുകളാവും ഉണ്ടാവുക.

ആരോഗ്യ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. പ്ലാന്റേഷന്‍ മേഖലയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ധനകാര്യ മേഖല എന്നിവയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി അനുവദിക്കും. ഒരു സംഘത്തില്‍ അഞ്ചിലധികം പേരുണ്ടാകരുത്.


വാഹന നിയന്ത്രണം

സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണം ഏര്‍പ്പെടുത്തി അനുമതി നല്‍കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ നമ്പര്‍ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ അനുവദിക്കും. അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി. നാലുചക്രവാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കും. യാത്രക്കാര്‍ മാസ്‌ക്കുകള്‍ ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒഴിവാകുന്ന സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി ബസ് യാത്ര അനുവദിക്കും.


സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും

ആരോഗ്യം, പോലീസ്, ഹോംഗാര്‍ഡ്, സിവിള്‍ ഡിഫന്‍സ്, ഫയര്‍ ഫോഴ്സ്, ദുരന്ത നിവാരണം, ജയില്‍, ലീഗല്‍ മെട്രോളജി, നഗരസഭ, പഞ്ചായത്ത് എന്നിവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ അത്യാവശ്യമുള്ള ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കും. ക്ളാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണം. ഗ്രൂപ്പ് മൂന്ന്, നാല് വിഭാഗത്തിലെ 33 ശതമാനം ജീവനക്കാരും ജോലിക്കെത്തണം. ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളിലും അത്യാവശ്യ ജീവനക്കാര്‍ ജോലിക്കെത്തണം. സഹകരണ സൊസൈറ്റികളില്‍ 33 ശതമാനം ജീവനക്കാരെത്തണം. പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ 35 ശതമാനം ജീവനക്കാര്‍ ഹാജരാകണം. തിങ്കള്‍ മുതല്‍ വെള്ളി വരെയാവും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.