നോര്‍ക്ക കെയര്‍ പരിരക്ഷയെടുത്ത് 25000 ത്തിലധികം പ്രവാസികുടുംബങ്ങള്‍; എൻറോൾമെന്റ് തീയതി നീട്ടി

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന് രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്നും മികച്ച പ്രതികരണം. . ഇതുവരെ 25000 ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോര്‍ക്ക കെയര്‍ പരിരക്ഷയിൽ ചേർന്നത് . ഇതേ തുടർന്ന് എൻറോൾ ചെയ്യുന്നതിനുള്ള അവസാന തീയതി നിലവിലെ ഒക്ടോബര്‍ 22 ൽ നിന്നും 2025 ഒക്ടോബര്‍ 30 വരെ നീട്ടി. മികച്ച പ്രതികരണമാണ് നോര്‍ക്ക കെയറിന് പ്രവാസികേരളീയരില്‍ നിന്നും ലഭിക്കുന്നതെന്നും പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് ഒക്ടോബര്‍ 30 വരെ സമയം നീട്ടിയതെന്നും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ ആര് ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന് ക്യാമ്പുകളും നടത്തുന്നുണ്ട് .
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എൻറോൾമെന്റിനും, വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് (പ്രവാസി , പങ്കാളി , 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. അംഗങ്ങളാകുന്നവർക്ക് കേരളപിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പരിരക്ഷ ലഭ്യമാക്കും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.