സംസ്ഥാനത്തെ സ്‌കൂള്‍ പരിസരം അടിയന്തരമായി വൃത്തിയാക്കാന്‍ നിര്‍ദ്ദേശം

post

* പാദരക്ഷകള്‍ വിലക്കരുത്

* സ്‌കൂള്‍ പരിസരത്തെ പാഴ്‌വസ്തുക്കള്‍ ഉടന്‍ നീക്കണം

തിരുവനന്തപുരം : വയനാട് ഗവണ്‍മെന്റ് സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഷഹല ഷെറീന്‍ പാമ്പ് കടിയേറ്റ് മരണമടഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും പരിസരവും വൃത്തിയായി സംരക്ഷിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന് ഡിസംബര്‍ 10ന് വൈകിട്ട് നാല് മണിക്കകം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. എല്ലാ സ്‌കൂളുകളിലും 30നകം പി.ടി.എ മീറ്റിംഗ് അടിയന്തരമായി വിളിച്ചുചേര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലേതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലകള്‍ എടുക്കും. ക്ലാസ് പി.ടി.എ.കള്‍ ചേരാനും ഡയറക്ടറുടെ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാഴ്‌ച്ചെടികളും, പടര്‍പ്പുകളും, വെട്ടിമാറ്റി സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സത്വരനടപടി കൈക്കൊള്ളണം. വൃത്തിയുള്ള സ്ഥിതി തുടരുന്നതിന് ജനപ്രതിനിധികളുമായും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് നടപടി സ്വീകരിക്കണം. ക്ലാസ്മുറികള്‍, ചുറ്റുമതിലുകള്‍, ശുചിമുറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദ്വാരങ്ങളോ, വിള്ളലുകളോ ഉണ്ടെങ്കില്‍ ഡിസംബര്‍ അഞ്ചിനകം സിമന്റും മണലും ഉപയോഗിച്ച് അടച്ച് സുരക്ഷ ഉറപ്പാക്കണം. സ്‌കൂള്‍ പരിസരത്ത് കൂട്ടിയിട്ടിട്ടുള്ള പാഴ്‌വസ്തുക്കള്‍ ഉടന്‍ നീക്കം ചെയ്യണം. ഇവയെല്ലാം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശുചിമുറികള്‍ സ്വാഭാവികവെളിച്ചം ഇല്ലെങ്കില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പാദരക്ഷകള്‍ ഉപയോഗിക്കുന്നത് വിലക്കരുത്. വിദ്യാര്‍ത്ഥികള്‍ പറയുന്ന ചെറിയ അസ്വസ്ഥതകള്‍ക്കുപോലും ശ്രദ്ധ നല്‍കി ജാഗ്രതയോടെ സത്വരനടപടികള്‍ സ്വീകരിക്കണം. ഇതിനായി ലഭ്യമാകുന്ന ഏത് വാഹനവും അടിയന്തര പ്രാധാന്യം നല്‍കി ഉപയോഗിക്കണം. അദ്ധ്യയന സമയം കഴിഞ്ഞാല്‍ ക്ലാസ്മുറികളുടെ വാതിലുകളും ജനലുകളും പൂട്ടി ഭദ്രമാക്കണം. ഇക്കാര്യങ്ങള്‍ക്ക് പി.ടി.എയും പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും അനദ്ധ്യാപകരും അതീവ പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കി.