വിഷൻ 2031 : ന്യൂനപക്ഷക്ഷേമ വകുപ്പ് സെമിനാർ ഒക്ടോബർ 16 ന്

സംസ്ഥാന സർക്കാരിന്റെ വിഷൻ 2031 ന്റെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ, അവകാശങ്ങൾ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക സാമ്പത്തിക സുരക്ഷയും തുടങ്ങിയവ സംബന്ധിച്ച് ചർച്ച നടത്തി 2031 ഓടെ കേരളം എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ച് നയരേഖ തയ്യറാക്കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.
നവകേരള സൃഷ്ടിക്കായി നവദിശാബോധം നൽകാൻ സംസ്ഥാ സർക്കാർ ആരംഭിച്ച വിഷൻ 2031 പദ്ധതിയുടെ ഭാഗമായ സെമിനാറിൽ ഭരണഘടനയും ന്യൂനപക്ഷ അവകാശ സംരക്ഷണവും, നവകേരള സൃഷ്ടിയും ന്യൂനപക്ഷ ക്ഷേമവും, സൂക്ഷ്മ ന്യൂനപക്ഷങ്ങൾ - പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന മാർഗ്ഗദീപം സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനവും ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. ഒക്ടോബർ 16ന് ഫോർട്ട് കൊച്ചിയിലെ വെളി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. 16ന് രാവിലെ 10ന് ന്യൂനപക്ഷക്ഷേമ- കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ സെമിനാർ ഉദ്ഘാടനം ചെയ്യും. മന്ത്രിയുടെ നയരേഖ പ്രഖ്യാപനത്തെ തുടർന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ “ഭരണഘടനയും ന്യൂനപക്ഷ അവകാശ സംരക്ഷണവും” എന്ന വിഷയത്തിലെ സെഷൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ കെ.ജെ. മാക്സി അധ്യക്ഷനാകും. ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ് സ്വാഗതം ആശംസിക്കും. എം.പി. ഹൈബി ഈഡൻ, മേയർ അഡ്വക്കേറ്റ്.എം.അനിൽകുമാർ, വിവിധ മത നേതാക്കൾ എന്നിവർ സംസാരിക്കും. വിവിധകലാപരിപാടികളോടെ ഏകദിന സെമിനാർ അവസാനിക്കും.