ഗാന്ധി സ്മൃതി ചിത്ര -ചരിത്രരേഖാ പ്രദർശനങ്ങൾ സമാപിച്ചു

ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തിയേറി : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സംസ്ഥാന പുരാരേഖാ വകുപ്പ് താളിയോല രേഖാ മ്യൂസിയത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ചിത്ര പ്രദർശനത്തിന്റെയും, ചരിത്രരേഖാ പ്രദർശനത്തിന്റെയും സമാപന ചടങ്ങ് മ്യൂസിയം, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ചായിരുന്നു ഉദ്ഘാടനം.
ഗാന്ധിയൻ ദർശനങ്ങൾക്കും ആശയങ്ങൾക്കും ഇന്നത്തെ സമൂഹത്തിൽ പ്രസക്തിയേറിയതായി മന്ത്രി പറഞ്ഞു.
ഗാന്ധി ദർശനങ്ങളും കാഴ്ചപ്പാടുകളും മനുഷ്യരെ യോജിപ്പിച്ചു കൊണ്ടുപോകാനുള്ള മികച്ച ആശയങ്ങളാണ്. ലോകസമാധാനത്തിന് ഭീഷണികൾ ഉയരുമ്പോൾ, അവിടെയെല്ലാം ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രസക്തിയുണ്ട്. സമത്വത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉപദേശങ്ങൾ ഗാന്ധിജി നൽകിയിട്ടുണ്ട്. യുവതലമുറയിൽ ഉത്തരവാദിത്തബോധവും അച്ചടക്കവും വളർത്താൻ ഗാന്ധിയൻ ആശയങ്ങൾ മനസിലാക്കുന്നതിലൂടെ സാധിക്കും. രാഷ്ട്രപിതാവായ ഗാന്ധിജിയെപ്പറ്റി വിദ്യാർത്ഥികൾ കൂടുതലായി പഠിക്കണം. സമാധാനമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള അവബോധം വിദ്യാർത്ഥികൾ നേടണം. ഇത്തരം പ്രദർശങ്ങളും ഓർമ്മച്ചടങ്ങുകളും വഴി പുതിയ തലമുറയെ ഗാന്ധിയൻ പാതയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
ഗാന്ധി ലോകരാധ്യനായ വ്യക്തിത്വമാണ്. ഗാന്ധിക്ക് ജന്മം നൽകിയ നാടിനും ഗാന്ധിയൻ ദർശനങ്ങൾക്കും കാഴ്ചപ്പാടുകൾക്കും ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്.
ഗാന്ധിജിയുടെ ജീവിത സമർപ്പണത്തിലൂടെയാണ് നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മതേതരത്വവും പരമാധികാരവും ലഭിക്കുന്നതിന് കാരണമായത്. ലോകത്തിലെ ഏറ്റവും വലിയ അധികാരശക്തിയായ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പോലും ഗാന്ധിജിയുടെ ആശയങ്ങൾക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നതായും മന്ത്രി ഓർമ്മിപ്പിച്ചു.
ഗാന്ധിജിയുടെ ജീവിതവും ആശയവും എന്ന വിഷയത്തിൽ മന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു. ക്വിസ് മത്സര വിജയികൾക്കുള്ള പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. ആർക്കിവിസ്റ്റ് സി രതീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പുരാരേഖാ വകുപ്പ് ഡയറക്ടർ പാർവതി എസ് അധ്യക്ഷത വഹിച്ചു.