ലോക്ക്ഡൗണ്‍: നാലുമേഖലകളായി തിരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും -മുഖ്യമന്ത്രി

post

തിരുവനന്തപുരം  : നാലുമേഖലകളായി തിരിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ക്രമീകരണങ്ങളും ഇളവുകളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ ആര്‍ക്കും സഞ്ചരിക്കാനാവില്ല. അന്തര്‍ജില്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണ്. ഇതു രണ്ടും തുടരും.

ഒന്നാമത്തെ മേഖലയില്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ ഉള്‍പ്പെടും. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാല്‍ കാസര്‍കോട്-61, കണ്ണൂര്‍-45, മലപ്പുറം-9 എന്നിങ്ങനെയാണ് ഉള്ളത്. ഈ മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ് ഒന്‍പത് എണ്ണം. അതിനാല്‍ ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖലയാക്കി നിയന്ത്രണങ്ങള്‍ നടപ്പാക്കും. ഈ ജില്ലകളില്‍ മെയ് മൂന്നുവരെ ലോക്ക്ഡൗണ്‍ കര്‍ക്കശമായി തുടരും.

ഈ ജില്ലകളില്‍ തീവ്ര രോഗബാധയുള്ള ഹോട്ട്സ്പോട്ട് പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും.  എന്‍ട്രി പോയിന്റും എക്സിറ്റ് പോയിന്റും  മാത്രം അനുവദിക്കും. മറ്റു വഴികളെല്ലാം അടയ്ക്കും. ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഈ പോയിന്റിലൂടെയാണ് എത്തിക്കേണ്ടത്.

രണ്ടാമത്തെ മേഖല പത്തനംതിട്ട (6 കേസുകള്‍), എറണാകുളം (3), കൊല്ലം (5) എന്നീ ജില്ലകള്‍  ഉള്‍പ്പെടുത്തും. ഇവിടെ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരും. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 24 കഴിഞ്ഞാല്‍ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും.

മൂന്നാമത്തെ മേഖല ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂര്‍ (1), വയനാട് (1) ജില്ലകള്‍ ഉള്‍പ്പെടും.ഈ മേഖലയില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. കൂട്ടംകൂടല്‍, പൊതു-സ്വകാര്യ പരിപാടികള്‍, വിവിധ കൂടിച്ചേരലുകള്‍ മെയ് 3 വരെ നിരോധിക്കും. ഹോട്ട്സ്പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിര്‍ത്തിയില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ വൈകുന്നേരം ഏഴു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.

പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയവും ഇടുക്കിയും നാലാമത്തെ മേഖലയായി തിരിക്കും. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകും.  സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.    

എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്‌ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണം.

സംസ്ഥാനത്തിനാകെ ബാധകമായ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിലുണ്ട്. വിമാനയാത്രയും ട്രെയിന്‍ ഗതാഗതവും മെട്രോയും മറ്റ് പൊതുഗതാഗത മാര്‍ഗങ്ങളും പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടും ജില്ലകള്‍ വിട്ടുമുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്തും തുടരും.

മേഖലകളായി ജില്ലകളെ തിരിക്കുന്നതിന് കേന്ദ്രാനുമതി കൂടി തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.