12 വയസിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകാൻ ഡോക്ടറുടെ കുറിപ്പടി നിർബന്ധം

post

ചുമ മരുന്നുകളുടെ ഉപയോഗം, കേരളം പ്രത്യേകം മാർഗരേഖ പുറത്തിറക്കും

മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടി മരുന്ന് നൽകരുത്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികൾക്കുള്ള മരുന്ന് നൽകരുത്. ഇതുസംബന്ധിച്ച് ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടർമാർ ഡോസ് നിശ്ചയിക്കുന്നത്. അതിനാൽ ഒരു കുഞ്ഞിന് കുറിച്ച് നൽകിയ മരുന്ന് മറ്റ് കുഞ്ഞുങ്ങൾക്ക് നൽകാൻ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു പ്രശ്നവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നൽകും. ഇതുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാൻ നിർദേശം നൽകി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യൻമാർക്കും മറ്റ് ഡോക്ടർമാർക്കും പരിശീലനം നൽകും.

സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടന്നു വരുന്നു. കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ കേരളത്തിന് പുറത്ത് പ്രശ്നം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചിട്ടുണ്ട്. തമിഴ്നാട് ഒറീസ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ആ ബാച്ച് മരുന്നുകൾ വിതരണം ചെയ്തത്. രാജസ്ഥാനിൽ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബാച്ചുകളുടെ മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് കണ്ടെത്തിയത്. കേരളത്തിൽ 8 വിതരണക്കാർ വഴിയാണ് കോൾഡ്രിഫ് മരുന്നിന്റെ വിൽപ്പന നടത്തുന്നത്. ആയതിന്റെ വിതരണവും വിൽപനയും നിർത്തിവയ്പ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഡ്രഗ്സ് കൺട്രോളർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി പ്രസിഡന്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.