ജില്ലയില്‍ നാലു പേര്‍ക്കു കൂടി കൊറോണ ബാധ

post

കണ്ണൂര്‍ : ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 16) കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മൂന്നു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മാര്‍ച്ച് 19ന് കരിപ്പൂര്‍ വഴിയെത്തിയ പാട്യം മുതിയങ്ങ സ്വദേശി 48കാരനും മാര്‍ച്ച് 20ന് നെടുമ്പാശ്ശേരി വഴിയെത്തിയ പെരളശ്ശേരി സ്വദേശി 41കാരനും കരിപ്പൂര്‍ വഴിയെത്തിയ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി 24കാരനുമാണ് വൈറസ് ബാധയുണ്ടായ മൂന്നു പേര്‍. സമ്പര്‍ക്കം വഴി രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയായ 27കാരി, ഏപ്രില്‍ എട്ടിന് രോഗബാധ കണ്ടെത്തിയ ചെറുവാഞ്ചേരി സ്വദേശിയുടെ ഭാര്യയാണ്. ഏപ്രില്‍ 13ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് ഇവര്‍ നാലു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി. ഇതില്‍ 39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ 7013 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 59 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 18 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 9 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിലും 6584 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെയായി 1625 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1366 എണ്ണത്തിന്റെ ഫലം വന്നു. 259 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.