കോഴാ ഫാം ഫെസ്റ്റ് സമാപിച്ചു

post

കാർഷിക വികസന കർഷകക്ഷേമ വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കോഴാ ഫാം ഫെസ്റ്റ് ‘ഹരിതാരവം 2k25’ സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് നടന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു.

പ്രായഭേദമില്ലാതെ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കാനും പുതു തലമുറയ്ക്ക് കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ പരിചയപ്പെടുത്താനും ഫാം ഫെസ്റ്റ് ഉപകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു, അംഗം നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സന്ധ്യ സജികുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. കുര്യൻ, ജോൺസൺ പുളിക്കിയിൽ, സിൻസി മാത്യു, സംഘടനാ പ്രതിനിധികളായ സദാനന്ദ ശങ്കർ, പി.ജി. ത്രിഗുണസെൻ, സണ്ണി ചിറ്റക്കോടം, കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി, ജില്ലാ കൃഷിത്തോട്ടം ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ, മുതിർന്ന കർഷകൻ ടി.ജി. മാത്യു എന്നിവർ പങ്കെടുത്തു.

നാലു ദിവസമായി നടന്നുവന്ന ഫാം ഫെസ്റ്റിൻ്റെ ഭാഗമായി കാർഷികാനുബന്ധ വിപണന – പ്രദർശനം, സെമിനാറുകൾ, കർഷകർക്കും വിദ്യാർഥികൾക്കുമായി വിവിധ മത്സരങ്ങൾ, കുട്ടികർഷകരുടെ സംഗമം, രുചിക്കൂട്ട് സംഗമം,ഫാം തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഗമം എന്നിവ നടന്നു.