പുതിയ കാലത്തിന്റെ പാട്ടുകൾ: സിനിമ മാറുന്നു, ഗാനങ്ങളും

post

ജയന്തി കൃഷ്ണ

'പുതിയ സഹസ്രാബ്ദപ്പിറവിയോടെ മലയാള ഗാനങ്ങൾ ഒരു പുതുകാല പരിവേഷത്തിലേക്ക് കടക്കുകയായിരുന്നു. അത് പെട്ടെന്നുണ്ടായ മാറ്റമല്ല, തൊണ്ണൂറുകളുടെ രണ്ടാം പകുതിയോടെ തന്നെ തമിഴിലും ഹിന്ദിയിലുമൊക്കെ വന്ന കാലോചിതമായ മാറ്റം നമ്മുടെ സംഗീതത്തെയും സ്വാധീനിച്ചുകഴിഞ്ഞിരുന്നു. ലജ്ജാവതിയെ എന്ന ജാസി ഗിഫ്റ്റിന്റെ പാട്ട് ഒരു മാറ്റത്തിന്റെ മുറവിളിയായിരുന്നു. 90കളിൽ മലയാള ഗാനങ്ങളുടെ നെടും തൂണുകളായിരുന്ന ജോൺസൺ മാഷും രവീന്ദ്രൻമാഷും പതിയെ പിൻമാറുകയും പുതിയ സംഗീത സംവിധായകർ കടന്നുവരികയും ചെയ്തു. പിന്നീട് വന്നവരിൽ എം.ജയചന്ദ്രനായിരുന്നു മുഖ്യധാരയിൽ. മെലഡി നിലനിർത്തുകയും എന്നാൽ ടെക്‌നോളജിയെ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്ന രീതിയായിരുന്നു. ജയചന്ദ്രൻ. ദീപക് ദേവ്, അൽഫോൺസ്, ഗോപി സുന്ദർ, ശ്യാം ധർമ്മൻ, ബിജിബാൽ തുടങ്ങിയ ഒരു സംഘം ചെറുപ്പക്കാർ രംഗത്തുകയും അവരുടെ പരീക്ഷണങ്ങളിലൂടെ പുതിയ തരം സംഗീതം കണ്ടെത്തുകയും ചെയ്തു.


ഇതിനിടെ തൊണ്ണൂറുകൾക്ക് മുമ്പു തന്നെ രംഗത്തു വന്ന പുതു സംഗീതത്തിന്റെ വക്താക്കളായ ഔസേപ്പച്ചനും മോഹൻ സിതാരയും വിദ്യാസാഗറുമൊക്കെ രംഗത്ത് സജീവമായിത്തന്നെ തുടർന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഗാനരചന എന്നതും ഒരു പുതിയ വെല്ലുവിളിയായി. കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയുമായിരുന്നു അപ്പോഴും മുൻപന്തിയിൽ നിന്നത്. കേരളത്തിന്റെ തനതു സാംസ്‌കാരിക ചിഹ്നങ്ങളെ ഉപയോഗിച്ച് സംസ്‌കൃത പദങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന ഇവരുടെ പതിവ് രീതിയിൽ നിന്ന് മാറി സഞ്ചരിക്കാൻ രണ്ടു പേരും നിർബന്ധിതരായിത്തീർന്നു ഇതോടെ. അതിന്റെ സൂചനയായിരുന്നു ലജ്ജാവതിയിൽ കണ്ടത്. രാക്ഷസി രാക്ഷസി എന്ന പാട്ടൊക്കെ കൈതപ്രം എഴുതുന്നത് ഇതിനുദാഹരണമാണ്.


എങ്കിലും കുറെകാലം കൂടി പാട്ടുകൾ പഴമയിലൂടെയും പുതുമയിലൂടെയും ഒന്നിച്ച് കടന്നുപോവുകയായിരുന്നു. പുതിയ സംഗീത സംവിധായകർ വന്നതോടെ പാട്ടിന്റെ സ്വഭാവം ഏതാണ്ട് പൂർണ്ണമായും മാറുകയുണ്ടായി. വെസ്റ്റേൺ സൗണ്ടിങ്ങുകളും കോഡിങ്ങും ഗായകരുടെ ശബ്ദത്തിലുമൊക്കെയുണ്ടായ പുതിയ പരീക്ഷണങ്ങൾ പാട്ടിന്റെ സ്വഭാവത്തെ ഒന്നാകെ മാറ്റി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് പാട്ടിന്റെ വരികളെയാണ്. അത്തരത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഗാനരചയിതാക്കൾക്കായിരുന്നു.

കവികളുടെ ഗാനങ്ങൾ

ഇക്കാലയളവിലാണ് കവികളെന്ന നിലയിൽ ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ചവരായ പ്രഭാവർമ്മ, അൻവർ അലി, റഫീഖ് അഹമ്മദ്, മനോജ് കുറൂർ, മുരുകൻ കാട്ടാക്കട തുടങ്ങിയവർ ഗാനരംഗത്തും പ്രതീക്ഷ പകർന്നത്. പറയാൻ മറന്ന പരിഭവങ്ങളുമായി രംഗത്തുവന്ന റഫീഖ് തട്ടം പിടിച്ചു വലിക്കല്ലേ, മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ, മരണമെത്തുന്ന നേരത്ത്, കാറ്റേ കാറ്റേ തുടങ്ങിയ നല്ല ഗാനങ്ങളിലൂടെ ശ്രദ്ധേയനാവുകയും നിരവധി അവാർഡുകൾ വാങ്ങുകയും ചെയ്തു. അപ്പങ്ങളെമ്പാടും, തൊട്ടു തൊട്ടു തൊട്ടു നോക്കാമോ, ഓമന കോമള താമരപ്പൂവേ, രാവു മാഞ്ഞില്ലേ...തുടങ്ങിയ ഗാനങ്ങളിലൂടെ ചലനാത്മകമായ ഇൻഡസ്ട്രിയുടെ ഭാഗമായി. പ്രഭാവർമ്മയുടെ ആദ്യ ഗാനമായ ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ പോലുള്ള ഗാനങ്ങൾ ജനം നന്നായി സ്വീകരിച്ചു. ദൂരെ വാനിലേതോ, ഓളത്തിൻ മേളത്താൽ, പൂന്തേൻ നേർമൊഴി, പാതിരാപ്പൂ നീ, ഇത്രമേൽ ആർദ്രമാം, പോയ് വരുവാൻ, ഏതു സുന്ദര, എങ്ങും ചന്ദനഗന്ധം തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ഹൃദ്യമായ കാവ്യാനുഭവങ്ങൾ കൂടിയാണ്.


മുരുകൻ കാട്ടാക്കടയുടെ മാവിൻ ചോട്ടിലെ മണമുള്ള മധുരമായ് മനതാരിൽ കുളിരുന്നെൻ ബാല്യം (ഒരുനാൾ വരും), നീ പാടാതെ പാടുന്ന പാട്ടിൽ ഈ ചോളങ്ങൾ ചാഞ്ചാടും ചന്തം (മല്ലു സിംഗ് ) തുടങ്ങിയ നല്ല ഗാനങ്ങൾ ശ്രദ്ധേയമായി. വയലാർ ശരത്ചന്ദ്ര വർമ്മയുടെയും ആദ്യകാലത്തെ ധാരാളം നല്ല ഗാനങ്ങൾ ഹിറ്റാവുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു. അനുരാഗവിലോചനനായി, ആലിലത്താലിയുമായ്, കാത്തിരുന്ന പെണ്ണല്ലേ, ചാന്ത് കുടഞ്ഞൊരു സൂര്യൻ, മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം, മന്ദാരപ്പൂമുളി കാറ്റിൽ തുടങ്ങിയ ധാരാളം ഗാനങ്ങൾ ശ്രദ്ധേയമായി.


ഇക്കാലയളവിൽ വന്ന് ധാരാളം പാട്ടെഴുതിയവരാണ് രാജീവ് ആലുങ്കൽ സന്തോഷ് വർമ്മ, ഹരിനാരായണൻ, അനിൽ പനച്ചൂരാൻ തുടങ്ങിയവർ അനിൽ പനച്ചൂരാന്റെ തിരികെ ഞാൻ വരുമെന്ന, താരകമലരുകൾ വിരിയും പാടം, വ്യത്യസ്തനാമൊരു ബാർബറാം ബാലനെ, കുഴലൂതും പൂന്തെന്നലേ, അണ്ണാറക്കണ്ണാ വാ പൂവാലാ തുടങ്ങിയ നിരവധി നല്ല ഗാനങ്ങളുണ്ടായിരുന്നു. അദ്ദേഹം അകാലത്തിൽ മരണപ്പെട്ടതോടെ നല്ലൊരു ഗാനരചയിതാവിനെയാണ് നമുക്ക് നഷ്ടമായത്.

സിനിമ മാറുന്നതനുസരിച്ച് ഗാനങ്ങളും മാറുന്നതു പുതിയ കാലത്ത് കാണാം. നാടിൻ നന്മകനെ പൊൻമകനെ മുത്തായവനെ, കുലീനരെ ഉദാത്തരേ ഉറ്റ തോഴരേ താഴെ വീണ കണ്ട് പല്ലിളിച്ച കൂട്ടരേ(ആവേശം), വിയർപ്പ് തുന്നിയിട്ട കഷായം അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം, കിനാവിൻ വിമാനം കരേറി ഒരു ദിനം, തായ്മനം ഉറങ്ങിയില്ല രാവുതോറുമേ(മഞ്ഞുമൽ ബോയ്‌സ്), ബടി മോട്ടല് കാണിലേ കിലോമീറ്ററ് റെഡി ലേ, പ്രേമകുടു നീ സുമ്മാ വാ അരികെ തെലങ്കാന ബൊമ്മലു (പ്രേമലു ), മാനേ തേനേ ജാഡ കാട്ടാതെടി ( മലയാളി ഫ്രം ഇന്ത്യ) തുടങ്ങിയ ഏറ്റവും പുതിയ സിനിമകളിലെ പാട്ടുകൾ നോക്കുക. എന്നാൽ ഇതിനിടെ നാടൻപാട്ടുകളുടെ ചുവട് പിടിച്ചുള്ള വരികളൊക്കെ ശ്രദ്ധിക്കപ്പെട്ടു. എന്റെമ്മേടെ ജിമിക്കി കമ്മൽ, ആരാണ്ടാ ആരുണ്ടാ, ചങ്ക് പെടച്ച് ഞരമ്പില് തീയ്യും പിടിച്ച്, സ്വപ്നമൊരു ചാക്ക്, ജാതിക്കാ തോട്ടം തുടങ്ങിയവ ഉദാഹരണം. എല്ലാ പരിണാമങ്ങൾക്കും ഒപ്പം വാക്കുകളും ആശയങ്ങളും മാറിക്കൊണ്ടേയിരിക്കുന്നു.


(സമകാലിക ജനപഥം മെയ് 2024)