സൂക്ഷ്മ ജലസേചനം : 100 കോടിയുടെ പദ്ധതിയുമായി കൃഷി വകുപ്പ്

post

വേനൽക്കാലത്ത് ഉണ്ടാകാറുള്ള ജലക്ഷാമം പരിഹരിക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൂക്ഷ്മ ജലസേചന പദ്ധതിയായ പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കാർഷികോത്പാദന കമ്മീഷണർ ഡോ. ബി അശോക് പറഞ്ഞു. ഓരോ തുള്ളിയിലും കൂടുതൽ വിളവ് ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച പഠനശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് മഴ ലഭിക്കുന്ന സംസ്ഥാനമാണെങ്കിൽ പോലും പ്രതിശീർഷ ജലലഭ്യത താരതമ്യേനെ കുറവായതിനാൽ സൂക്ഷ്മ ജലശേഖരണ രീതികളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ചൂണ്ടിക്കാട്ടി. നാളികേരം, വാഴ, കശുമാവ് പുഷ്പ-ഔഷധ സസ്യങ്ങൾ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട വിളകളിലും സൂക്ഷ്മ ജലസേചന രീതികൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പിലാക്കി സംസ്ഥാനത്തിന് ഈ മേഖലയിൽ മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ലഘു മാർഗ്ഗരേഖ കാർഷികോത്പാദന കമ്മീഷണർ കൃഷി വകുപ്പ് ഡയറക്ടർക്ക് നൽകി പ്രകാശനം ചെയ്തു.

ജലസേചനത്തിന് ആവശ്യമായ കുളവും ടാങ്കുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ക്ലസ്റ്റർ അടിസ്ഥാനത്തിൽ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി ഭാവിയിൽ പദ്ധതി മാർഗരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി തുള്ളിനന പോലുള്ള ജലസേചന രീതികൾ സംസ്ഥാനത്തിന്റെ ആവശ്യനുസരണം പദ്ധതിയിലൂടെ നടപ്പിലാക്കും. 6,000 ത്തോളം കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തി 70 ശതമാനം ജലനഷ്ടം കുറച്ചുകൊണ്ട് കൃഷി ലാഭകരമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന കൃഷി വകുപ്പ് മുഖേന തുള്ളി നന പദ്ധതികൾക്ക് അപേക്ഷ സമർപ്പിക്കാം.

ജലസേചനത്തിന്റെ പ്രാധാന്യത്തെകുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിലൂടെ ഈ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കുമെന്നും സ്വാഗതം ആശംസിച്ച കൃഷിവകുപ്പ് സംസ്ഥാന കാർഷിക എൻജിനീയർ, രാജ്‌മോഹൻ. സി.കെ പറഞ്ഞു. പഞ്ചായത്ത് തലത്തിൽ കർഷകർക്ക് ഇത് സംബന്ധിച്ച പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു. കേരള കാർഷിക സർവകലാശാല പ്രൊഫ. ഡോ. അബ്ദുൾ ഹക്കിം വി എം, വയനാട് കൃഷി അസിസ്റ്റന്റ് എൻജിനീയർ രാജേഷ് പി ഡി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് എസ്., കൃഷി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അരുൾ രാജ്, ബിറ്റ്സ് പിലാനി ഡിസൈൻ കൺസൾട്ടന്റ് ഡോ. പ്രകാശ് മോഹൻ എന്നിവർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു.