ജർമ്മൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. സൈമൺ പെർക്കർ നോർക്ക സന്ദർശിച്ചു

post

ആരോഗ്യമേഖലയ്ക്കു പുറമേയുളള റിക്രൂട്ട്‌മെന്റ് സാധ്യതകൾ ചർച്ചയായി

ഇന്ത്യയിലെ ജർമ്മൻ എംബസിയുടെ (ന്യൂഡൽഹി) ഫസ്റ്റ് സെക്രട്ടറി ഡോ. സൈമൺ പെർക്കർ നോർക്ക റൂട്ട്‌സ് ആസ്ഥാനമായ നോർക്ക സെന്റർ സന്ദർശിച്ചു. ജർമ്മനിയിലെ ആരോഗ്യമേഖലയ്ക്കു പുറമേയുളള തൊഴിൽ വൈദഗ്ധ്യം ആവശ്യമായ മേഖലകളിലേയ്ക്കുളള റിക്രൂട്ട്‌മെന്റ് സാധ്യതകൾ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുമായുളള കൂടിക്കാഴ്ചയിൽ അദ്ദേഹം വിശദീകരിച്ചു. ആരോഗ്യമേഖലയ്ക്കു പുറമേയുളള സ്‌കിൽഡ് മൈഗ്രേഷൻ സാധ്യതകളിലെ നോർക്ക റൂട്ട്‌സുമാുളള സഹകരണ സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതി, പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ  സൗജന്യവും സ്‌റ്റൈപ്പന്റോടെയുമുളള നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ്  ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം (Ausbildung)  ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ ഒഴിവുകളിലേയ്ക്ക് ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്‌സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി സംഘടിപ്പിച്ച റിക്രൂട്ട്‌മെന്റ് എന്നിവയുടെ നിലവിലുളള പുരോഗതിയും ചർച്ചയായി.

ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായുളള രാജ്യങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിൽ ഏറ്റവുമധികം കേരളത്തിൽ നിന്നുളളതാണെന്നും ഡോ. സൈമൺ പെർക്കർ  നിരിക്ഷിച്ചു. നിലവിൽ ജർമ്മൻ ഭാഷായോഗ്യതയ്ക്കാവശ്യമായ പരീക്ഷകൾക്കുളള സ്ലോട്ടുകൾ ലഭിക്കുന്നതിന്റെ പരിമിതി കൂടിക്കാഴ്ചയിൽ അജിത് കോളശ്ശേരി ശ്രദ്ധയിൽപെടുത്തി. ഇക്കാര്യത്തിൽ സാധ്യമായ നടപടികൾ സ്വീകരിക്കാമെന്ന്  ഡോ. സൈമൺ പെർക്കർ അറിയിച്ചു. തിരുവനന്തപുരം നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ ജർമ്മൻ സർക്കാറിന്റെ ഹോണററി കോൺസിൽ ഡോ. സയ്യിദ് ഇബ്രാഹിം, നോർക്ക റൂട്ടസ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് മാനേജർ സാനു കുമാർ എസ്,  റിക്രൂട്ട്‌മെന്റ് വിഭാഗം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.