സിപിആർ പരിശീലനം : ലോക ഹൃദയ ദിനത്തിൽ പുതിയ ഉദ്യമം

post

 ഹൃദയസ്തംഭനം ഉണ്ടായാൽ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം

മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു


സിപിആർ അഥവാ കാർഡിയോ പൾമണറി റെസിസിറ്റേഷൻ (Cardio Pulmonary Resuscitation) പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഡ്രൈവർമാർ, റെസിഡൻസ് അസോസിയേഷൻ, വിവിധ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി പേർക്ക് ഘട്ടം ഘട്ടമായി പരിശീലനം നൽകും. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) ഉണ്ടാകുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ. ശരിയായ രീതിയിൽ സിപിആർ നൽകി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാൽ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് എല്ലാവർക്കും പരിശീലനം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കും. ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയായിരിക്കും പരിശീലനം. എല്ലാ മെഡിക്കൽ കോളേജുകളിലും പരിശീലനത്തിനായി കാർഡിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ സ്ഥിരം സംവിധാനമൊരുക്കും. ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കും. ഇതുകൂടാതെ ഐഎംഎയിലെ ഡോക്ടർമാരും പരിശീലനത്തിന് നേതൃത്വം നൽകും. പരിശീലനത്തിന് ഐഎംഎ എല്ലാ സഹകരണവും ഉറപ്പ് നൽകി. സിപിആർ പരിശീലനം സംബന്ധിച്ച് ഏകീകൃതമായ ഷോർട്ട് വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കും.

മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഐഎംഎ, കെ.ജി.എം.ഒ.എ, മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, കാർഡിയോളജി വിഭാഗം മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

എന്താണ് സിപിആർ?

ഹൃദയസ്തംഭനം മൂലം വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് മൂലം ബോധക്ഷയവും മറ്റ് സങ്കീർണതകളുമുണ്ടാകുന്നു. ഇങ്ങനെ സംഭവിച്ചാൽ അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും മരണത്തിലേക്ക് എത്തുകയും ചെയ്യും. ഇത് തടയുവാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗമാണ് സിപിആർ. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്‌സിജൻ അടങ്ങിയ രക്തത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാൻ സിപിആറിലൂടെ ഒരു പരിധി വരെ സാധിക്കും.

ഹൃദയാഘാതമുണ്ടായാൽ ഉടൻ സി.പി.ആർ. നൽകിയാൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുഴഞ്ഞുവീണ ആൾക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അബോധാവസ്ഥയിലാണെങ്കിൽ ഉടൻ തന്നെ പൾസും ശ്വാസം ഉണ്ടോയെന്നും പരിശോധിക്കണം. ഹൃദയമിടിപ്പ് ഇല്ലെങ്കിൽ സി.പി.ആർ ഉടൻ ആരംഭിക്കുക. നെഞ്ചിന്റെ ഇടത് ഭാഗത്ത് ഹൃദയം സ്ഥിതിചെയ്യുന്നിടത്താണ് സി.പി.ആർ ചെയ്യേണ്ടത്. ഒരു കൈയുടെ മുകളിൽ മറ്റേ കൈ വയ്ക്കുകയും വിരലുകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിൽ നെഞ്ചിൽ അമർത്തിയാണ് സിപിആർ നൽകേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നൽകുക. പരിശീലനം ലഭിച്ച ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാർഗമാണിത്. സിപിആർ ശാസ്ത്രീയമായി പരിശീലിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഒരുപാട് ജീവനുകൾ ഇതിലൂടെ രക്ഷിക്കാൻ സാധിക്കും.