പൊതുരേഖാ സംരക്ഷണത്തിൽ കേരളം പുതിയ ചരിത്രം കുറിക്കുന്നു

post

കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു

 കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി, 2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്.

പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടോടുകൂടി ബിൽ സഭയിൽ സമർപ്പിച്ചത്. 2023 സെപ്റ്റംബർ 7-ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ബിൽ, 2024 ജൂലൈ 11-നാണ് സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചു. സംസ്ഥാനത്തിനകത്തും പുറത്തും കമ്മിറ്റി നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബില്ലിന് അന്തിമരൂപം നൽകിയത്. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്മീഷനുകൾ, ബോർഡുകൾ, കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ മൂല്യനിർണയം, ശേഖരണം, തരംതിരിക്കൽ, സംരക്ഷണം, ഭരണനിർവഹണം എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. പൊതുരേഖകളുടെ സംരക്ഷണത്തിനായി ഒരു ദ്വിതല സംവിധാനം ഏർപ്പെടുത്തുന്നതാണ് ബില്ലിന്റെ പ്രധാന സവിശേഷത.

 റെക്കോർഡ് മുറികൾ: രേഖകൾ ഉണ്ടാക്കുന്ന എല്ലാ സ്ഥാപനങ്ങളും റെക്കോർഡ് മുറികൾ സജ്ജീകരിക്കുകയും അവയുടെ സംരക്ഷണത്തിനായി ഒരു റെക്കോർഡ് ഓഫീസറെ ചുമതലപ്പെടുത്തുകയും വേണം. ഈ ഓഫീസറുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ബില്ലിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

 സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ്: റെക്കോർഡ് മുറികളിൽ സൂക്ഷിക്കുന്ന രേഖകളിൽനിന്ന് ചരിത്രപരമായ പ്രാധാന്യമുള്ളവ വേർതിരിച്ച് സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിലേക്ക് മാറ്റും. ഇവ ശാസ്ത്രീയമായി സംരക്ഷിച്ച് ഗവേഷകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കും. ബിൽ നിയമമാവുന്നതോടെ ഈ സംരക്ഷണ സംവിധാനത്തിന്റെ മേൽനോട്ട ചുമതല സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിനായിരിക്കും.

നിയമപരമായി രേഖകൾ കൈമാറുന്നതിനുള്ള വ്യവസ്ഥകളും, രേഖകൾ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷകളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ പൊതുരേഖകളുടെ സംരക്ഷണം കൂടുതൽ കാര്യക്ഷമമാവുകയും നിയമപരമായ ഒരു അടിത്തറ ലഭിക്കുകയും ചെയ്യും. ഇത് കേരളത്തിന്റെ ചരിത്രരേഖാ സംരക്ഷണത്തിന് പുതിയൊരു ദിശാബോധം നൽകും.