ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള 'മിനിസ്റ്റേഴ്‌സ് അവാർഡ് ഫോർ എക്‌സെലൻസ്' വിതരണം ചെയ്തു

post

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മാതൃകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്ത് നാക്ക് A++, A+, A ഗ്രേഡുകൾ നേടിയതും NIRF, KIRF റാങ്കിങ്ങിൽ മുന്നിലെത്തിയതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 'മിനിസ്റ്റേഴ്‌സ് അവാർഡ് ഫോർ എക്‌സെലൻസ്' നൽകി ആദരിക്കുന്ന എക്‌സലൻഷ്യ 2025 ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്‌തു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെന്നും വിജ്ഞാനമേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മ, സമത്വം, നവീകരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. കേരളത്തിന്റെ വിജ്ഞാന സമൂഹം എന്ന ആശയത്തിൽ ലാഭം മാത്രം ലക്ഷ്യമാക്കുന്ന കമ്പോള കേന്ദ്രീകൃതമായ കാഴ്ചപ്പാടല്ല സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന അറിവ് സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും, ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ വികസിപ്പിക്കാനും പ്രയോജനപ്പെടുത്തുന്ന മാതൃകയാണ് കേരളത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു .


സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം സ്ഥിരോത്സാഹമുള്ളതും വികസനമായ ഭാവി ലക്ഷ്യമിട്ടുള്ളതുമാണ്. രാജ്യത്തെ മികച്ച 300 കോളേജുകളിൽ 25 ശതമാനവും കേരളത്തിലാണ്. സർവ്വകലാശാലകൾ ദേശീയ തലത്തിൽ ഉയർന്ന റാങ്കിൽ എത്തിയത് കേരളത്തിലെ മികച്ച വിദ്യാഭ്യാസ സംവിധാനത്തിന്റെ ഉദാഹരണമാണ്. അഞ്ച് സർവകലാശാലകൾക്ക് NAAC അക്രഡിറ്റേഷനിൽ എ+ ഗ്രേഡുകൾ ലഭിച്ചു; കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, ശ്രീ ശങ്കരാചാര്യ സർവകലാശാല എന്നിവ ഇതിൽ ഉൾപ്പെടുന്നു. 153 കോളേജുകൾക്ക് എ ഗ്രേഡിന് മുകളിൽ ലഭിച്ചിട്ടുണ്ട്. NIRF 2025 റാങ്കിംഗിൽ, കേരള സർവകലാശാല അഞ്ചാം സ്ഥാനത്തേക്കും കുസാറ്റ് ആറാം സ്ഥാനത്തേക്കും എത്തി, ഇത് കഴിഞ്ഞ വർഷത്തെ ഒൻപതും പത്തും സ്ഥാനങ്ങളിൽ നിന്നുള്ള വലിയ മുന്നേറ്റമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹിക നീതിക്കും സമത്വത്തിനും പ്രാപ്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും മികവ് ഉറപ്പാക്കുന്നതിനും സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നാല് വർഷ ബിരുദ പ്രോഗ്രാം (FYUGP) കേവലം ഒരു വർഷം കൂട്ടിച്ചേർക്കലല്ല, മറിച്ച് പാഠ്യപദ്ധതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒന്നാണ്. ക്ലാസ് റൂം പഠനത്തിലും മൂല്യനിർണ്ണയത്തിലും മാറ്റങ്ങൾ വരുത്തി വിദ്യാർത്ഥികളെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കും ആഗോള മത്സരങ്ങൾക്കും ഇത് തയ്യാറാക്കും. പരീക്ഷകൾ കൃത്യസമയത്ത് നടത്തുകയും ഫലങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് സങ്കീർണ്ണമായ അഫിലിയേഷൻ സംവിധാനത്തിൽ കേരളം കൈവരിച്ച റെക്കോർഡ് നേട്ടമാണ്.


ക്രെഡിറ്റ്-ലിങ്ക്ഡ് ഓൺലൈൻ കോഴ്‌സുകൾ വികസിപ്പിക്കുന്നതിനും ഹോസ്റ്റ് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മാതൃകയും കേരളം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിലൂടെ അദ്ധ്യാപകർക്ക് അവരുടെ വൈദഗ്ധ്യമനുസരിച്ച് സിഗ്‌നേച്ചർ കോഴ്‌സുകൾ രൂപകൽപ്പന ചെയ്യാൻ അവസരം നൽകും. ഗവേഷണ സംസ്‌കാരം വളർത്തുന്നതിനായി ഏഴ് പുതിയ മികവിന്റെ കേന്ദ്രങ്ങളും കേരളം സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏതൊരു സംസ്ഥാന സർക്കാരും നൽകുന്നതിൽ വെച്ച് ഏറ്റവും വലിയ ഫെലോഷിപ്പ് തുക നൽകുന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പദ്ധതിയും, FYUGP വിദ്യാർത്ഥികൾക്കായി ഒരു ലക്ഷം ഇന്റേൺഷിപ്പുകൾ ലക്ഷ്യമിട്ടുള്ള ഇന്റേൺഷിപ്പ് പോർട്ടലും ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ പ്രത്യേകതകളാണെന്ന് മന്ത്രി പറഞ്ഞു.

കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സുധീർ കെ അധ്യക്ഷത വഹിച്ചു, നാക്ക് അഡൈ്വസർ ഡോ. ദേവേന്ദർ കാവഡെ മുഖ്യാതിഥിയായി. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരായ സി. കെ അരവിന്ദ കുമാർ, കെ കെ ഗീതാ കുമാരി, ഡോ. മോഹനൻ കുന്നുമ്മൽ, ഡോ. എം ജുനൈദ് ബുഷിരി, എം. വി  നാരായണൻ, കോളേജ് മാനേജ്‌മെന്റ്‌ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായി.