84 വയസുകാരിക്ക് പേസ്‌മേക്കര്‍ ഘടിപ്പിച്ച് കൊല്ലം മെഡിക്കല്‍ കോളേജ്

post

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 84 വയസുകാരിയ്ക്ക് നടത്തിയ പേസ്‌മേക്കര്‍ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരം. കൊല്ലം എഴുകോണ്‍ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്‌മേക്കര്‍ ഘടിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു. ശസ്ത്രക്രിയ വിജയകരമായി നടത്തിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയില്‍ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പേസ്‌മേക്കര്‍ ഘടിപ്പിച്ചത്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തിയത്. കൊല്ലം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച കാത്ത് ലാബ് മുഖേന ഇതുവരെ 1500 ആന്‍ജിയോഗ്രാമും 1000 ആന്‍ജിയോ പ്ലാസ്റ്റിയും 10 പേസ്‌മേക്കര്‍ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.