ഓണം ഘോഷയാത്രയിൽ ഹരിത ചട്ടം നിർബന്ധം; പ്ലാസ്റ്റിക്കും മാലിന്യവും ഒഴിവാക്കണം

post

സംസ്ഥാനസർക്കാരിന്റെ ഒരാഴ്ച നീണ്ട ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചു നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുന്നവരും കാണികളും ഹരിത ചട്ടം പാലിക്കണമെന്ന് ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അഭ്യർഥിച്ചു.

സംസ്ഥാനത്തുടനീളവും  തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിലും നടന്ന ആഘോഷപരിപാടികളിൽ  ഹരിതചട്ടങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ പിന്തുണയാണ് നല്കിയത്. അത് ഘോഷയാത്രാവേളയിലും ഉണ്ടാകണം.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,  പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് കപ്പുകൾ  തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം.  ഘോഷയാത്ര കടന്നുപോകുന്ന വഴികളിലും പൊതു ഇടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനായി പ്രത്യേക ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. വലിച്ചെറിയൽ ഒഴിവാക്കി അവശിഷ്ടങ്ങൾ അതതു ബിന്നുകളിൽ മാത്രം ഇടണം. വ്യാപാരസ്ഥാപനങ്ങളും ഇക്കാര്യത്തിൽ നിഷ്‌കർഷ പുലർത്തണം.

തിരുവനന്തപുരം കോർപ്പറേഷനിലെ  ഹരിതകർമസേനാംഗങ്ങളും ശുചീകരണ ത്തൊഴിലാളികളും ശുചിത്വം ഉറപ്പാക്കുന്നതിന് സേവനസന്നദ്ധരായി പ്രവർത്തിക്കുന്നുണ്ട്. ഹരിത പ്രോട്ടോക്കോൾ സംബന്ധിച്ച പരിശോധനകൾക്കായി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്‌ക്വാഡുകളും രംഗത്തുണ്ട്.  ഘോഷയാത്ര വീക്ഷിക്കാനെത്തുന്നവർ ഇക്കാര്യത്തിൽ പരമാവധി സഹകരണം നലകണമെന്ന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ കൂടിയായ ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് അഭ്യർഥിച്ചു.