സംസ്ഥാനത്തെ ദന്തൽ മേഖലയ്ക്ക് ദേശീയതലത്തിൽ അംഗീകാരം

post

  • * കേരളത്തിന്റെ ദന്താരോഗ്യ പദ്ധതികൾ ഏറ്റെടുത്ത് മറ്റ് സംസ്ഥാനങ്ങൾ

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ന്യൂഡൽഹി എയിംസിലെ സെന്റർ ഫോർ ദന്തൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ചും ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാം ദേശീയ അവലോകന യോഗത്തിൽ കേരളത്തിന് അഭിനന്ദനം. ദന്താരോഗ്യ രംഗത്ത് കേരളത്തിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. സംസ്ഥാനം നടപ്പിലാക്കുന്ന ദന്താരോഗ്യ പദ്ധതികളായ മന്ദഹാസം, പുഞ്ചിരി, വെളിച്ചം, ദീപ്തം തുടങ്ങിയവ രാജ്യത്താകെ മാതൃകയായി. തമിഴ്നാട്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ പദ്ധതികൾ അവിടെ നടപ്പാക്കാൻ ഏറ്റെടുത്തു.

സംസ്ഥാനം ദന്താരോഗ്യ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. കോട്ടയം ദന്തൽ കോളേജിൽ അടുത്തിടെ അഡ്മിനിസ്ട്രേറ്റീവ് & റിസർച്ച് ബ്ലോക്ക് യാഥാർത്ഥ്യമാക്കി. തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ ദന്തൽ ചികിത്സ ലഭ്യമാണ്. എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാക്കും. ദേശീയ റാങ്കിംഗിൽ ആദ്യമായി തിരുവനന്തപുരം ദന്തൽ കോളേജ് ഇടംപിടിച്ചു. ദന്തൽ കോളേജുകളിലെ ലാബുകൾ കൂടാതെ സംസ്ഥാനത്ത് സെറ്റ് പല്ലുകൾ നിർമ്മിക്കാൻ കഴിയുന്ന 57 അക്രിലിക് ലാബുകളും സ്ഥിരമായി വയ്ക്കുന്ന പല്ലുകൾ നിർമ്മിക്കുന്ന ഒരു ഡെന്റൽ സിറാമിക് ലാബും സ്ഥാപിച്ചിട്ടുണ്ട്. ഇത്രത്തോളം ലാബുകൾ ദേശീയ തലത്തിൽ മറ്റൊരു സംസ്ഥാനത്തുമില്ല. ഇത് കൂടാതെയാണ് ദന്താരോഗ്യ രംഗത്ത് വിവിധങ്ങളായ പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് 60 വയസിന് മുകളിൽ പ്രായമായ ബിപിഎൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി കൃത്രിമ പല്ല് വച്ച് കൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 7,012 വയോജനങ്ങൾക്ക് സെറ്റ് പല്ല് വച്ചു കൊടുത്തു. ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള സ്‌കൂൾ കുട്ടികൾക്ക് സമ്പൂർണ ദന്ത പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ പദ്ധതിയാണ് പുഞ്ചിരി. 2023ൽ ഈ പദ്ധതിയിലൂടെ 1.32 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് സമഗ്ര ദന്ത പരിരക്ഷ നൽകി. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലേയും ഗോത്ര വിഭാഗക്കാർക്കും തീരദേശ മേഖലയിലെ പ്രായം ചെന്നവർക്കും അതിഥി തൊഴിലാളികൾക്കും സൗജന്യ ഓറൽ കാൻസർ (വദനാർബുദം) സ്‌ക്രീനിംഗും ചികിത്സയും ഉറപ്പ് വരുത്തുന്നതാണ് വെളിച്ചം പദ്ധതി. ഈ പദ്ധതിയിലൂടെ 545 പേർക്ക് വദനാർബുദവും 4682 പേർക്ക് വദനാർബുദത്തിന് മുന്നോടിയായി വരുന്ന ഓറൽ പ്രീ ക്യാൻസർ രോഗങ്ങളും കണ്ടെത്തി ചികിത്സയും തുടർ പരിചരണവും നൽകിവരുന്നു. ഭിന്നശേഷി കുട്ടികൾക്ക് എല്ലാത്തരം ദന്ത പരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയാണ് ദീപ്തം. 2023ൽ ഈ പദ്ധതി വഴി 617 ഭിന്നശേഷി കുട്ടികൾക്ക് പരിപൂർണ ദന്ത ചികിത്സ ലഭ്യമാക്കി. ഈ പദ്ധതികളാണ് മറ്റ് സംസ്ഥാനങ്ങൾ ഏറ്റെടുത്തത്.