നിയന്ത്രണത്തില്‍ കുറവ് വരുത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് 19 നിയന്ത്രണത്തില്‍ കുറവ് വരുത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാഗ്രത ശക്തമായി തുടരണം. സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും. കേരളത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏതു വിധം നടപ്പാക്കണമെന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് കൂടുതല്‍ ക്വാറന്റൈന്‍ സംവിധാനം തുടങ്ങുമെന്ന് സംസ്ഥാനം നടത്തിയ അന്വേഷണത്തിന് മറുപടി ലഭിച്ചിട്ടുണ്ട്. യു. എ. ഇയില്‍ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിന് ദുബായ് ഹെല്‍ത്ത് അതോറിറ്റി വിവിധ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.യു.എ.ഇ എംബസി, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും 21 കാന്‍സര്‍ ചികിത്‌സാകേന്ദ്രം ഒരുക്കി. ഇന്ത്യയില്‍ തന്നെ ഇത് ആദ്യമാണ്. രോഗപ്രതിരോധം കുറഞ്ഞവര്‍ക്ക് കൊറോണ രോഗം വേഗത്തില്‍ ബാധിക്കുമെന്നത് ഗുരുതരമായ സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് കാന്‍സര്‍ രോഗികള്‍ക്ക് വീടിനടുത്ത് ചികിത്സ സൗകര്യം ആര്‍. സി. സിയുമായി ചേര്‍ന്ന് ഒരുക്കിയത്. സംസ്ഥാനത്തെ മറ്റു കാന്‍സര്‍ കേന്ദ്രങ്ങളുമായി ചേര്‍ന്ന് ഈ സൗകര്യം വിപുലപ്പെടുത്തും.

കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി നടത്തുന്ന കര്‍ഷകരുടെ പ്രശ്നം കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തും. വിദേശത്തേക്ക് അയയ്ക്കേണ്ട മരുന്നുകള്‍ ഒരു സ്ഥലത്ത് സംഭരിച്ച് അയയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കി. സന്നദ്ധ സേനയില്‍ 2,87,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്ക് ഏകീകൃത രീതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

സിഗ്നല്‍ അറ്റകുറ്റപ്പണിക്കായെത്തുന്ന ട്രെയിനില്‍ അനധികൃതമായി ആള്‍ക്കാര്‍ കേരളത്തിലെത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഇത്തരത്തിലെത്തിയ മൂന്ന് ജീവനക്കാരെ ക്വാറന്റൈനിലാക്കി. ഇക്കാര്യത്തില്‍ റെയില്‍വേ പോലീസ് കൂടുതല്‍ ശ്രദ്ധിക്കണം. അക്ഷയകേന്ദ്രങ്ങള്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഡിസ്ഇന്‍ഫെക്ഷന്‍ ഗേറ്റ്‌വേ എന്ന ശാസ്ത്രീയ സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്സുമാര്‍ കടകളില്‍ സാധനം വാങ്ങാനെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന ബഹിഷ്‌കരണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ച് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജനത്തിന് ശക്തമായ നടപടി സ്വീകരിക്കും. ശുദ്ധജല സ്രോതസുകളില്‍ മാലിന്യനിക്ഷേപത്തിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി. കോഴിയുമായി വരുന്ന വാഹനങ്ങളില്‍ നിന്ന് ചത്ത കോഴികളെ കായലിലേക്ക് എറിയുന്നതായി ശ്രദ്ധയില്‍പെട്ടു. സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യം ഗൗരവമായാണ് കാണുന്നത്. അലഞ്ഞ്തിരിഞ്ഞു നടക്കുന്നവര്‍ക്കും ഭിക്ഷാടനം നടത്തുന്നവര്‍ക്കുമായി ആരംഭിച്ചിട്ടുള്ള അഭയ കേന്ദ്രങ്ങളില്‍ ഭക്ഷണത്തിന് പുറമെ കുളിക്കാന്‍ സോപ്പ് ഉള്‍പ്പെടെ വിതരണം ചെയ്യാനും ശുചിത്വം ഉറപ്പാക്കാനും ഇടപെടല്‍ നടത്തും. സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെ നികുതി അടയ്ക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി പുനക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.