കൊറോണ സാമൂഹ്യ വ്യാപനമുണ്ടായാല്‍ നേരിടുന്നതിന് ജില്ലയില്‍ വിപുല സന്നാഹം

post

കോട്ടയം: കോവിഡ്-19ന്റെ സമൂഹ്യ വ്യാപനം ഉണ്ടാകുന്ന പക്ഷം നേരിടുന്നതിന് കോട്ടയം ജില്ലയില്‍ വിപുല സന്നാഹങ്ങള്‍ ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വകുപ്പുമേധാവികളുടെ യോഗത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. 

ജില്ലയിൽ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ വിജയകരമായിരുന്നു.  രോഗം ബാധിച്ച മൂന്നു പേരിൽ നിന്നും മറ്റൊരാൾക്കു പോലും പകരാതെ തടയാൻ പ്രതിരോധ സംവിധാനത്തിനു കഴിഞ്ഞു. എങ്കിലും സമൂഹ വ്യാപനത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. കളക്ടർ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും ജില്ലാ ആശുപത്രിയും കോവിഡ് ആശുപത്രികളായി പ്രഖ്യാപിക്കുകയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  ഈ ആശുപത്രികളില്‍ നിലവിലുള്ള മറ്റു ചികിത്സകള്‍ക്ക് കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് കോവിഡ് ചികിത്സയ്ക്ക് സൗകര്യമൊരുക്കുക. 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 300 കിടക്കകള്‍, 66 മുറികള്‍, നാലു കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗം എന്നിവയാണ് തയ്യാറാകുന്നത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ 110 കിടക്കകള്‍, 10 മുറികള്‍, മൂന്നു കിടക്കകളുള്ള തീവ്രപരിചരണ വിഭാഗം എന്നീ സൗകര്യങ്ങളുണ്ടാകും. രോഗം സ്ഥിരീകരിച്ച് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെയാണ് കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുക.

സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റീവാണെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെ ചികിത്സിക്കുന്നതിനായി കോവിഡ് പരിചരണ കേന്ദ്രങ്ങളൊരുക്കും. പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറല്‍ ആശുപത്രികള്‍, വൈക്കം താലൂക്ക് ആശുപത്രി, ഉഴവൂര്‍, രാമപുരം സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയും സ്വകാര്യ മേഖലയിലെ ഈരാറ്റുപേട്ട റിംസ്, കങ്ങഴ എം.ജി.ഡി.എം ആശുപത്രികളുമാണ് അവശ്യ ഘട്ടത്തില്‍ കോവിഡ് പരിചരണ കേന്ദ്രങ്ങളാക്കുന്നതിനായി കണ്ടെത്തിയിട്ടുള്ളത്.