ഓണം ഖാദി മേള സെപ്തംബര്‍ നാലുവരെ; ജില്ലാതല ഉദ്ഘാടനം റാന്നി പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു

ഓണം ഖാദിമേള ജില്ലാതല ഉദ്ഘാടനം റാന്നി ചെത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഖാദി ബോര്‍ഡിന്റെ ജില്ലയ്ക്കുള്ള ഓണസമ്മാനമാണ് മേളയെന്ന് എംഎല്‍എ പറഞ്ഞു. ഗ്രാമ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഖാദി ബോര്‍ഡ് ഉല്‍പന്നങ്ങളെന്ന് അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ചൂണ്ടികാട്ടി. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ 'എനിക്കും വേണം ഖാദി' സന്ദേശത്തോടെ സംഘടിപ്പിക്കുന്ന മേള സെപ്തംബര്‍ നാലു വരെയാണ്.
ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ് വസ്ത്രത്തിന്റെയും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഖാദി ഗ്രാമവ്യവസായ ഉല്‍പന്നത്തിന്റെയും ആദ്യ വില്‍പന നടത്തി. മുന്‍ എംഎല്‍എ രാജു എബ്രഹാം കൂപ്പണ്‍ പ്രകാശനം ചെയ്തു. ഖാദി ബോര്‍ഡ് അംഗം സാജന്‍ തൊടുക, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, പഴവങ്ങാടി വാര്‍ഡ് അംഗം വി സി ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ വി ഹരികുമാര്‍, അജിന്‍ ഐപ്പ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.