'പഠനമുറി'; പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

post

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ 'പഠനമുറി' ഒരുക്കി പട്ടികജാതി വികസനവകുപ്പ്. ഒമ്പതു വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ പഠനമുറി ലഭിച്ചത് 2347 വിദ്യാര്‍ഥികള്‍ക്ക്. വീട്ടില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികളുള്ള മുറി നിര്‍മിച്ച് പഠിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പഠനമുറി. പദ്ധതിയിലൂടെ 2017-2021 വരെ 1455 പഠനമുറികള്‍ ജില്ലയില്‍ അനുവദിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവദിച്ച 1247 പഠനമുറികളില്‍ 892 എണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണം പുരോഗമിക്കുന്നു.

പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ചു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഗുണഭോക്താക്കള്‍. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, സാങ്കേതിക, കേന്ദ്രീയ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്  ധനസഹായം. 800 ചതുരശ്ര അടിയില്‍ താഴെയുള്ള നിലവിലെ വീടിനോട് ചേര്‍ന്ന് 120 ചതുരശ്ര അടി വിസ്തൃതിയിലാണ് പഠനമുറി നിര്‍മാണം. മതിയായ സ്ഥലസൗകര്യമില്ലാത്തവര്‍ക്ക് നിലവിലെ വീടിന്റെ മുകളിലും പഠനമുറി ഒരുക്കും. നാല് ഗഡുക്കളായാണ് ധനസഹായം. കരാറാകുമ്പോള്‍ 30,000 രൂപ, അടിത്തറയ്ക്ക് 60,000 രൂപ, മേല്‍ക്കൂരയ്ക്ക് 80,000 രൂപ, പ്ലാസ്റ്ററിംഗ്, വൈറ്റ് വാഷ് തുടങ്ങിയവ പൂര്‍ത്തിയാകുമ്പോള്‍ 30,000 രൂപയും നല്‍കും.


ഈ വര്‍ഷം സംസ്ഥാനത്ത് 5000 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠനമുറി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ജില്ലയില്‍ 300 പേര്‍ക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായുള്ള അപേക്ഷ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും. ഗ്രാമസഭ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, പട്ടികജാതി വികസന വകുപ്പ് ഓഫീസുകളില്‍ അപേക്ഷിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരവും പട്ടികജാതി ഓഫീസുകളില്‍ നിന്ന് ലഭിക്കും.

വീടുകളോടുചേര്‍ത്ത് പഠനമുറികള്‍ നിര്‍മിക്കുന്നതിനൊപ്പം 'സേഫ്' പദ്ധതിക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളോടെ ഭവനങ്ങളൊരുക്കാന്‍ പട്ടിക വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്ന പദ്ധതിയാണ് സേഫ് പദ്ധതി. 2021 ലാണ് സേഫ് പദ്ധതി ആരംഭിച്ചത്.

സുരക്ഷിത മേല്‍ക്കൂര, നിലവാരമുള്ള അടുക്കള, ടൈലിട്ട തറ, പ്ലമ്പിംഗ്, വയറിംഗ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കും. വാസയോഗ്യവും സുരക്ഷിതവുമായ വീടുകള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാല് വര്‍ഷം കൊണ്ട് സേഫ് വഴി ജില്ലയില്‍ 2156 വീടുകള്‍ പൂര്‍ത്തിയാക്കി.