തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു

post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന (എഫ്.എല്‍.സി) പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു. കലക്ടറേറ്റിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ്  പരിശോധന നടക്കുന്നത്.  എഫ്.എല്‍.സിയിലൂടെ വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നത്.

വോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കണ്ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് പരിശോധിക്കുന്നത്.  2210 കണ്‍ട്രോള്‍ യൂണിറ്റുകളും 6250 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. ഓരോ മെഷീനും പരിശോധിച്ച് പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തും. ഓഗസ്റ്റ് 20 വരെയാണ് പരിശോധന.

യന്ത്രങ്ങളില്‍ ഉണ്ടാകുന്ന സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും എഫ്.എല്‍.സി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നായി 35 ഉദ്യോഗസ്ഥരുണ്ട്. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫിനാണ് പരിശോധന ചുമതല. കോന്നി ഭൂരേഖ തഹസില്‍ദാര്‍ കൂടിയായ  എഫ്.എല്‍.സി ചാര്‍ജ് ഓഫീസര്‍ പി. സുദീപ്, രജീഷ് ആര്‍ നാഥ്, വി ഷാജു എന്നിവര്‍ നേതൃത്വം നല്‍കുന്നു.