ജില്ലാപഞ്ചായത്ത് വാർഡ് : ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് പൂർത്തിയായി

സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൻമേൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് പൂർത്തിയായി. പരാതി സമർപ്പിച്ചിട്ടുള്ളവരിൽ ഹാജരായ മുഴുവൻ പേരെയും കമ്മീഷൻ നേരിൽ കേട്ടു. തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്ള്യൂ.ഡി റെസ്റ്റ്ഹൗസിൽ നടന്ന ഹീയറിംഗിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ, കമ്മീഷൻ അംഗം ഡോ.രത്തൻ യു.ഖേൽക്കർ, കമ്മീഷൻ സെക്രട്ടറി എസ്.ജോസ്നമോൾ എന്നിവർ പങ്കെടുത്തു.
14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചിരുന്നത്. ജില്ലാപഞ്ചായത്ത് കരട് വാർഡ് വിഭജനനിർദ്ദേശങ്ങൾ ജൂലൈ 21 ന് പ്രസിദ്ധീകരിച്ചിരുന്നു. ജില്ലാപഞ്ചായത്ത് വാർഡുകളുടെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഡീലിമിറ്റേഷൻ പ്രക്രിയ പൂർത്തിയാകും. 14 ജില്ലാപഞ്ചായത്തുകളിലായി നിലവിലുണ്ടായിരുന്ന 331 വാർഡുകൾ 346 ആയി വർദ്ധിക്കും.