പുനര്‍നിര്‍മിച്ച നീണ്ടുനോക്കി - കൊട്ടിയൂര്‍ പാലം ഉദ്‌ഘാടനം ചെയ്തു

post

കണ്ണൂർ പേരാവൂര്‍ മണ്ഡലത്തിലെ നീണ്ടുനോക്കിയില്‍ ബാവലിപ്പുഴയ്ക്കു കുറുകെ പുനര്‍നിര്‍മിച്ച നീണ്ടുനോക്കി - കൊട്ടിയൂര്‍ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു .

സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനൊപ്പം മുഴുവന്‍ പി ഡബ്ല്യു ഡി റോഡുകളും ഉന്നത നിലവാരത്തിലേക്കുയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനം റോഡുകള്‍ ഉന്നത നിലവാരത്തിലേക്കുയര്‍ത്താനാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും എന്നാല്‍ നാലു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പേ ലക്ഷ്യത്തിലെത്താന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബി എം ബി സി നിലവാരത്തില്‍ നിര്‍മിച്ചവയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷനായി.

നിലവിലുണ്ടായിരുന്ന വീതി കുറഞ്ഞ പാലം പൊളിച്ചു മാറ്റിയാണ് പുതിയ പാലം നിര്‍മിച്ചത്. 13 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനും 14 മീറ്റര്‍ നീളമുള്ള ഒരു സ്പാനും ഉള്‍പ്പെടെ 41 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുഭാഗങ്ങളിലും ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയുള്‍പ്പെടെ 11 മീറ്ററാണ് വീതി. 6.42 കോടി രൂപയാണ് നിര്‍മാണച്ചെലവ്. നീണ്ടു നോക്കി പാലം പരിസരത്ത് നടന്ന പരിപാടിയില്‍ കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ഉമാവതി, കെ.എന്‍ സുനീന്ദ്രന്‍, ഇന്ദിരാ ശ്രീധരന്‍, ഉഷ അശോക് കുമാര്‍, ഷാജി പൊട്ടയില്‍, ജീജ ജോസഫ്, അഡ്വ. എം രാജന്‍, പി.സി രാമകൃഷ്ണന്‍, മൈക്കിള്‍ ആമക്കാട്ട്, എം.എം മജീദ്, മാത്യു കൊച്ചുതറ, എം.കെ ജോണ്‍, അരുണ്‍ ഭരതന്‍, പി തങ്കപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.