വായന പക്ഷാചരണം: സമ്മാനവിതരണം നടത്തി

post

വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസരചന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീരണാംകുന്നേല്‍ നിര്‍വഹിച്ചു. സമൂഹത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതില്‍ നല്ല പുസ്തകങ്ങള്‍ക്ക് വലിയ പങ്കാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പുസ്തകങ്ങള്‍ ഗുരുക്കന്‍മാരാണ്. വായന ഒരു ശീലമാക്കി മാറ്റണം. അതിന് പ്രായപരിധിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ ജൂണ്‍ 19 ന് ആരംഭിച്ച വായന പക്ഷാചരണം സമാപിച്ചു. ഇതോടനുബന്ധിച്ചു സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ പത്താം തരം, ഹയര്‍ സെക്കന്‍ഡറി പഠിതാക്കള്‍ക്കായി നടത്തിയ മത്സരത്തില്‍ 513 പേരാണ് പങ്കെടുത്തത്.

പത്താം തരം വിഭാഗത്തില്‍ അടിമാലി എസ്.എന്‍.ഡി .പി. വി.എച്ച് .എസ്. സ്‌കൂള്‍ സമ്പര്‍ക്ക പഠനകേന്ദ്രത്തിലെ മഞ്ജുവിജയന്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൊടുപുഴ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമ്പര്‍ക്ക പഠന കേന്ദ്രത്തിലെ സിന്ധുമോള്‍ ടി. കെ എന്നിവര്‍ വിജയികളായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, സെക്രട്ടറി സജീവ് പി.കെ, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. എം അബ്ദുള്‍കരീം,സീനിയര്‍ സൂപ്രണ്ട് ആനീസ് തോമസ്, സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജമിനി ജോസഫ്, ജൂനിയര്‍ സൂപ്രണ്ട് സുനില്‍കുമാര്‍, സീനിയര്‍ ക്ലര്‍ക്ക്, ഷാജി എന്‍.ടി,ഓഫീസ് ജീവനക്കാരായ സാദിര കെ.എസ്, വിനു ആന്റണി, സീമ അബ്രാഹം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.