നെറ്റ് സീറോ എമിഷൻ പദ്ധതി; കുടുംബശ്രീ അംഗങ്ങൾക്ക് ഇ സൈക്കിളുകൾ വിതരണം ചെയ്തു

ഇ സൈക്കിൾ കാർബൺ ന്യൂട്രൽ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്: മന്ത്രി എം ബി രാജേഷ്
കുടുംബശ്രീ അംഗങ്ങൾക്ക് ഇ സൈക്കിൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. 2050 ഓടെ കാർബൺ ന്യൂട്രൽ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ അംഗങ്ങൾക്ക് ഇ സൈക്കിൾ വിതരണം ചെയ്തത്. കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ കാര്യശേഷി, സംരംഭകത്വ വികസനം, യാത്രാ ചെലവ് കുറയ്ക്കൽ, മറ്റു വരുമാന വർദ്ധനവ് എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. തദ്ദേശ സ്വയംഭരണ ഊർജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായാണ് ഇലക്ട്രിക്ക് സൈക്കിളുകൾ വിതരണം ചെയ്യുന്നത്.
ഇ സൈക്കിൾ കാർബൺ ന്യൂട്രൽ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ സ്ത്രീകളുടെ ജീവിത നിലവാരത്തിൽ കൂടുതൽ പുരോഗതി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മികച്ച എഡിഎസ്സായി തെരഞ്ഞെടുക്കപ്പെട്ട മാട്ടറ എഡിഎസിനും മികച്ച ബഡ്സ് സ്കൂളായി തെരഞ്ഞെടുത്ത പഴശ്ശിരാജ ബഡ്സ് സ്കൂളിനുമുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ഏത് മാറ്റവും വേഗത്തിൽ ഉൾക്കൊള്ളുന്ന സംസ്ഥാനമാണ് കേരളമെന്നും ഇ സൈക്കിളും അത്തരമൊരു പദ്ധതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലയിലെ 71 ഗ്രാമീണ സി ഡി എസുകളിലെ 350 വനിതകൾക്കാണ് ഇ സൈക്കിളുകൾ നൽകുന്നത്. കാർബൺ ന്യൂട്രൽ കേരളം പദ്ധതിയുടെ ആദ്യഘട്ടമായി കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് കുടുംബശ്രീ അംഗങ്ങൾക്ക് ഇ സൈക്കിളുകൾ നൽകുന്നത്. 40000 രൂപ വിലമതിക്കുന്ന ഈ സൈക്കിൾ 3000 ഗുണഭോക്തൃ വിഹിതം വാങ്ങിക്കൊണ്ടാണ് കുടുംബശ്രീ പ്രവർത്തകർക്ക് നൽകുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ എന്നിവർ വിശിഷ്ടാതിഥികളായി. എൻ ആർ എൽ എം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി നവീൻ പദ്ധതി അവതരണം നടത്തി. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.കെ സുരേഷ്ബാബു, യു.പി ശോഭ, എൻ.വി ശ്രീജിനി, അഡ്വ.ടി.സരള, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ, കേരള എനർജി മാനേജ്മെന്റ് സെന്റർ രജിസ്ട്രാർ ബി.വി സുഭാഷ് ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, സി ഡി എസ് ചെയർപേഴ്സൺമാരായ വി ജ്യോതി ലക്ഷ്മി, സി.പി പ്രീത, കെ.വി നിർമ്മല, കെ.സി രേണുക, കെ.പി സാജിത, പി മഷൂദ, മിനി ഷേർലി, എം.കെ ലത, കെ.പി സുനില, ഇ വസന്ത, കെ ബിന്ദു, എം.എ.വി സജ്ന, എ ഡി എം സി മാരായ പി.ഒ ദീപ, കെ വിജിത്ത്, കെ രാഹുൽ, ഡി പി എംമാരായ കെ.എൻ നൈൽ, ജിബിൻ സ്കറിയ എന്നിവർ സംസാരിച്ചു.