കോവിഡ് 19 കാലത്ത് പ്രവാസികള്‍ക്ക് സഹായമായി ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചു: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് 19ന്റെ കാലത്ത് പ്രവാസികള്‍ക്ക് സഹായമായി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഖത്തര്‍, ഒമാന്‍, സൗദിഅറേബ്യ, ബഹറിന്‍, കുവൈറ്റ്, യു. കെ, ഇന്‍ഡോനേഷ്യ, മൊസാംബിക്, ബംഗ്ളാദേശ് എന്നിവിടങ്ങളിലാണ് നോര്‍ക്ക ഇപ്പോള്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കായി അവിടങ്ങളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ രൂപീകരിച്ചിട്ടുണ്ട്.വിദേശത്ത് നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തുന്ന സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്. തിരികെ വരുമ്പോള്‍ അവര്‍ക്കായി പുനരധിവാസ പദ്ധതി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇയില്‍ അസുഖബാധിതരായവരെ ആശുപത്രികളിലെത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ സഹായത്തോടെ ആവശ്യമായ മലയാളികള്‍ക്ക് ആഹാരം നല്‍കുന്നത് തുടരുന്നു. സംഘടനകളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവരെ ക്വാറന്റൈനില്‍ ആക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനും സംവിധാനമായതായി യു.എ.ഇ കോണ്‍സല്‍ ജനറലുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചു. നോര്‍ക്കയും കേരള പ്രവാസിക്ഷേമ ബോര്‍ഡും പ്രവാസികള്‍ക്ക് ആശ്വാസ സഹായം നല്‍കുന്നുണ്ട്. പെന്‍ഷനു പുറമെ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ആയിരം രൂപ വീതം നല്‍കും. ഇതിന്റെ പ്രയോജനം 15,000 പേര്‍ക്ക് ലഭിക്കും. ക്ഷേമനിധിയിലെ അംഗം കോവിഡ് പോസിറ്റീവ് ആയാല്‍ പതിനായിരം രൂപ തനതുഫണ്ടില്‍ നിന്ന് നല്‍കും.

2020 ജനുവരി ഒന്നിന് ശേഷം വാലിഡ് പാസ്പോര്‍ട്ടും തൊഴില്‍ വിസയുമുള്ള നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരികെ പോകാന്‍ കഴിയാത്തവര്‍ക്കും വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്കും 5000 രൂപ അടിയന്തരസഹായം നോര്‍ക്ക നല്‍കും. ക്ഷേമസഹായം ലഭിക്കാത്ത കോവിഡ് ബാധിച്ച പ്രവാസികള്‍ക്ക് സാന്ത്വനരോഗ പട്ടികയില്‍ ഉള്‍പ്പെടുത്തി പതിനായിരം രൂപ നല്‍കും. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റേയും എംബസികളുടെയും മലയാളി സംഘടനകളുടെയും വിദേശത്തെ പ്രമുഖ വ്യക്തികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ ഭരണാധികാരികള്‍ പ്രവാസി മലയാളികളെ അവരുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നവരാണ്. സ്വദേശി, വിദേശി എന്ന വ്യത്യാസമില്ലാതെ അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നു. പ്രവാസികള്‍ക്ക് താങ്ങും തണലുമായ ഭരണാധികാരികളെ കേരളം പ്രത്യേക നിലയില്‍ കാണുന്നതായി മുഖ്യമന്ത്രി പറഞ്ഞു.