കൊല്ലത്ത് ജില്ലാതല ഇൻവെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.എസ്.ഐ.എ. ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ അധ്യക്ഷനായി. സംരംഭക മേഖലയില്‍ ജില്ലയില്‍ മികവ് തെളിയിച്ച മുതിര്‍ന്ന സംരംഭകര്‍, പരമ്പരാഗത കരകൗശല മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍മാര്‍, കെ.എസ്.എസ്.ഐ.എ പ്രതിനിധികള്‍ എന്നിവരെ ആദരിച്ചു. വ്യവസായ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, കൈത്താങ്ങ് സേവനങ്ങള്‍ സംബന്ധിച്ച് ഉപജില്ലാ വ്യവസായ ഓഫീസര്‍ പി.എസ്.കണ്ണനുണ്ണി, ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് കെ-സ്വിഫ്റ്റ് പ്രോജക്ട് എക്‌സിക്യൂട്ടീവ് ജെ.എസ്. ദീപു എന്നിവര്‍ ക്ലാസ് നയിച്ചു. മുന്‍ ലീഡ് ജില്ലാ മാനേജര്‍ പത്മകുമാര്‍, ലീഡ് ബാങ്ക് പ്രതിനിധി അശ്വിന്‍ എന്നിവര്‍ ബാങ്കിംഗ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിവരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ ഇ.ഡി. ക്ലബ്ബുകളിലെ വിദ്യാര്‍ഥികള്‍ നൂതന പ്രോജക്ടുകളും ആശയങ്ങളും അവതരിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഐ.ജസീം, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍, ഡി.പി. അസോസിയേഷന്‍ പ്രസിഡന്റ് എന്‍.വിജയകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബിനു ബാലകൃഷ്ണന്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.