മുണ്ടക്കൈ-ചൂരൽമല പുനരധിവാസം : നാഷണൽ സർവീസ് സ്കീം സമാഹരിച്ച തുക മുഖ്യമന്ത്രി ഏറ്റുവാങ്ങും

post

വയനാട് മുണ്ടക്കൈ ചൂരൽമലയിൽ പ്രകൃതിദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസത്തിനായുള്ള സ്‌നേഹഭവനങ്ങൾ നിർമ്മിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന നാഷണൽ സർവ്വീസ് സ്‌കീം ഒന്നാം ഘട്ടമായി സമാഹരിച്ച നാലര കോടി രൂപ സർക്കാരിന് കൈമാറും. ജൂൺ 30ന് വൈകിട്ട് അഞ്ചിന് കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങും.

കേരളമൊട്ടാകെ എൻഎസ്എസ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഊർജ്ജിതമായ ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വേസ്റ്റ് പേപ്പർ ചാലഞ്ച്, ബിരിയാണി ചാലഞ്ച്, ആർട്ട് എക്‌സിബിഷൻ, ഭക്ഷ്യമേള, ഓണം ഫെസ്റ്റ്, ഉത്പന്നങ്ങൾ നിർമ്മിച്ചുള്ള വില്പനകൾ, കൂപ്പൺ നറുക്കെടുപ്പ് തുടങ്ങി നിരവധി പരിപാടികൾ നടന്നതിന്റെ ഭാഗമായി നാലു കോടി അമ്പതുലക്ഷം രൂപ സമാഹരിക്കാൻ സാധിച്ചു.

അടുത്ത ഘട്ടത്തിനുള്ള പ്രവർത്തനങ്ങൾ ജൂലൈ ഒന്ന് മുതൽ തുടങ്ങും. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രത്യേക ക്യാമ്പയിനിലൂടെ നാഷണൽ സർവീസ് സ്‌കീം, ഭവനനിർമ്മാണ പദ്ധതിയുടെ ധനസമാഹരണം പൂർത്തീകരിക്കും.