കണ്ണൂരിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ജില്ലാതല ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പിലാത്തറ സെന്റ്. ജോസഫ് കോളേജില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. നശാമുക്ത് ഭാരത് അഭിയാന്‍ ഡ്രഗ് ഫ്രീ കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യ നീതി ഓഫീസ്, പിലാത്തറ സെന്റ് ജോസഫ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് ക്യാമ്പസും പരിസരവും ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോളേജുകളില്‍ ആരംഭിക്കുന്ന കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ കെ അനൂപ് നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് 'ലഹരി ഉപയോഗം നേരത്തെയുള്ള തിരിച്ചറിയലും ശാസ്ത്രീയ ഇടപെടലും എന്ന വിഷയത്തില്‍ പയ്യന്നൂര്‍ വിമുക്തി ഡീ അഡിക്ഷന്‍ സെന്റര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ. ധീരജ് ദിലീപ് ക്ലാസ്സെടുത്തു. തുടര്‍ന്ന് വുമണ്‍ എക്സൈസ് ഓഫീസര്‍ ടി.വി ജൂനയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു. ലഹരിക്കെതിരായുള്ള ഐ.വി ഉണ്ണി മഴൂരിന്റെ ഏക പാത്ര നാടകം 'ജ്വാല' വേദിയില്‍ അരങ്ങേറി. 'ബ്രേക്കിങ് ദി ചെയിന്‍: പ്രിവെന്‍ഷന്‍, ട്രീറ്റ്മെന്റ് ആന്‍ഡ് റിക്കവറി ഫോര്‍ ഓള്‍' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധദിന പ്രമേയം.
പരിപാടിയില്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ഡി. ഷൈനി മുഖ്യതിഥിയായി. പിലാത്തറ സെന്റ്. ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡെന്നി ഫിലിപ്പ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി പ്രേമചന്ദ്രന്‍, പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ അനുശ്രീ എന്നിവര്‍ ലഹരി വിരുദ്ധ ദിനാചാരണ സന്ദേശങ്ങള്‍ നല്‍കി. ചെറുതാഴം വാര്‍ഡ് അംഗം കുഞ്ഞിക്കണ്ണന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു, സൂപ്രണ്ടും എന്‍.എം.ബി.എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബേബി ജോണ്‍, ആസാദ് സേനാ ജില്ലാ കോ ഓര്‍ഡിനേറ്ററും പയ്യന്നൂര്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ടി.വി സുരേഖ, ഐആര്‍പിസി ഡീ അഡിക്ഷന്‍ ആന്‍ഡ് കൗണ്‍സിലിങ്ങ് മാനേജര്‍ കെ.എം അജയ കുമാര്‍, സെന്റ്. ജോസഫ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ സുഭാഷ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.