സംയോജിത ഫാമിങ്ങ് ക്ലസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കണ്ണൂർ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിങ്ങ് ക്ലസ്റ്റര്‍ ലൈവ്ലി ഹുഡ് സര്‍വീസ് സെന്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അഞ്ചാമത്തെ സംയോജിത ഫാര്‍മിങ് ക്ലസ്റ്ററാണിത്. 250 മുതല്‍ 300 കര്‍ഷകരെ ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഓരോ സീസണിലെയും വിപണി വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുക, ഉല്‍പാദന സ്ഥിരതയും ഉയര്‍ന്ന ലാഭവും നേടുക, സര്‍പ്ലസ് ഉല്‍പന്നങ്ങള്‍ കണ്ടെത്തി മൂല്യവര്‍ധന ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി കര്‍ഷകര്‍ക്ക് അധിക വരുമാനം കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനാവശ്യമായ പരിശീലനം ഐ എഫ് സി വഴി നല്‍കും. ഐ എഫ് സിയുടെ കീഴില്‍ ഇന്‍പുട്ട്, പ്രോസസ്സിംഗ്, ഔട്ട്പുട്ട് സേവനങ്ങളുടെ കേന്ദ്രമായാണ് ലൈവ്ലി ഹുഡ് സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ചൊറുക്കളയില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവന്‍ പാച്ചേനി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ പദ്ധതി വിശദീകരണം നടത്തി. ലൈവ് ലി ഹുഡ് സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് കാലാവസ്ഥ വ്യതിയാനവും മാറുന്ന കൃഷിരീതിയും എന്ന വിഷയത്തില്‍ കൃഷി ഓഫീസര്‍ രാമകൃഷ്ണന്‍ മാവില ക്ലാസ്സെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സി അനിത, പി ലക്ഷ്മണന്‍, വാര്‍ഡ് അംഗം കെ ശശിധരന്‍, കൃഷി ഓഫീസര്‍ എസ് ജിജിന, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ കെ രാഹുല്‍, കുടുംബശ്രീ ഡി പി എം സൈജു പദ്മനാഭന്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എന്‍ റീജ തുടങ്ങിയവര്‍ പങ്കെടുത്തു. കുറുമാത്തൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച വിഷരഹിത കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനവും സംഘടിപ്പിച്ചു.