മീന്‍ വാങ്ങുമ്പോഴും വേണം ജാഗ്രത

കോട്ടയം : ജില്ലയില്‍ ഇപ്പോള്‍ മത്സ്യം എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നായതു കൊണ്ട് വാങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ഉണ്ണികൃഷ്ണന് അറിയിച്ചു.മംഗലാപുരം, വേളാങ്കണ്ണി, തൂത്തുക്കുടി, തേങ്ങാപ്പട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇവിടെ മത്സ്യം എത്തിക്കുന്നത്.മത്സ്യം കേടാകാതെ എത്തിക്കുന്നതിന് ശീതീകരണത്തിന് ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങള്‍ ഉള്ള വാഹനങ്ങളാണ് ഉപയോഗിക്കേണ്ടത്.വാഹനത്തിനുള്ളില്‍ മത്സ്യം സൂക്ഷിക്കുന്നിടത്തെ താപനില മൈനസ് 14 ഡിഗ്രിയില്‍ നിലനിര്‍ത്തേണ്ടതുണ്ട്.അല്ലെങ്കില്‍ മത്സ്യത്തിന്റെ തൂക്കത്തിനൊപ്പം ഐസ് ഇട്ട് സൂക്ഷിക്കാം.യാത്രക്കിടയില്‍ ഉരുകുന്നതിനനുസരിച്ച് ഐസ് ഇട്ടു കൊടുക്കുകയും വേണം.
ഇതൊന്നും പാലിക്കാതെ മിനി ലോറികളില്‍ മൂടിക്കെട്ടിയാണ് മത്സ്യം കൊണ്ടുവരുന്നത്. ഇതിനെതിരെ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്ക്വാഡ് ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും മത്സ്യം വാങ്ങുമ്പോള്‍ ഉപഭോക്താക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.വലിയ മീനുകള്‍ വാങ്ങരുത്. മീനിന്റെ ചെകിള ചുവപ്പ് നിറത്തിലുള്ളതാണെന്നും ദശയില്‍ തൊടുമ്പോള്‍ കുഴിഞ്ഞ് പോകുന്നില്ലെന്നും ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.