മുദ്രാ വിദ്യാഭ്യാസ പദ്ധതി : മുണ്ടേരി സ്കൂളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും

സി എസ് ആർ ഫണ്ടിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി ധാരണാപത്രം ഒപ്പുവെച്ചു
മുദ്രാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കണ്ണൂർ മുണ്ടേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച് സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മുന്‍ എംപി കെ.കെ രാഗേഷിന്റെ സാന്നിധ്യത്തില്‍ കൊച്ചിൻ ഷിപ്പ് യാർഡ് മാനേജർ എസ് ശശീന്ദ്രദാസ്, സി.എസ്. ആർ. ഹെഡ് പി.എൻ. സമ്പത്ത് കുമാർ, കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൺ ജോൺ എന്നിവർ ചേർന്ന് ധാരണ പത്രം ഒപ്പിട്ടു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷനായി.
മുണ്ടേരി ക്ലസ്റ്ററിലെ 14 വിദ്യാലയങ്ങളും മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് വിജ്ഞാനം, കല, സാഹിത്യം, വിനോദം, സ്പോര്‍ട്സ്, സിനിമ, മാധ്യമം തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച രീതിയിലുള്ള പരിശീലനം ലഭ്യമാക്കാനാണ് മുദ്രാകിരണം പദ്ധതി ലക്ഷ്യമിടുന്നത്. പൂമരങ്ങള്‍, ഔഷധച്ചെടികള്‍, ഫലവൃക്ഷങ്ങള്‍, റെഡ് ബുക്കില്‍ ഇടം നേടിയ സസ്യങ്ങള്‍ എന്നിവ നട്ടുപിടിപ്പിച്ചുകൊണ്ട് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസാക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു.
ജില്ലാപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.വി ശ്രീജിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ സുരേഷ് ബാബു, എടക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനിഷ, മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പങ്കജാക്ഷന്‍, മുണ്ടേരി മുദ്രാ വിദ്യാഭ്യാസ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.പി ബാബു, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡി ഷൈനി, മുണ്ടേരി ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ എം മനോജ് കുമാര്‍, മുണ്ടേരി ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ കെ വേണു, മുണ്ടേരി ജി.എച്ച്.എസ്.എസ് പിടിഎ പ്രസിഡന്റ് സി.പി അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.