ഇന്ന് ലോക പരിസ്ഥിതി ദിനം; പ്ലാസ്റ്റിക് എന്ന വിപത്തിനെതിരെ നമുക്ക് പോരാടാം

post

പരിസ്ഥിതി സംരക്ഷണത്തിലാണ് ലോകത്തിന്റെ നിലനിൽപ്പെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ പരിസ്ഥിതി ദിനവും നമുക്ക് നൽകുന്ന സന്ദേശം. എന്നാൽ ഇത് പ്രാവർത്തികമാക്കുന്നതിൽ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് സംസ്കരിക്കുക എന്നതാണ്. ഇതിൽ തന്നെ വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യ സംസ്കരണം.

വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. ഇത് തടയുക എന്ന മുദ്രാവാക്യമാണ് ഈ വർഷം ലോക പരിസ്ഥിതി ദിനത്തിൽ ഉയർത്തുന്നത്. പ്ലാസ്റ്റിക് കത്തിക്കൽ, വലിച്ചെറിയൽ തുടങ്ങിയ പ്രവർത്തികൾ നമ്മുടെ ആവാസ വ്യവസ്ഥയെ അപ്പാടെ തകർക്കും. നാം അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഓരോ പ്ലാസ്റ്റിക് തരിയും ഭൂമിയുടെ നിലനിൽപ്പിന് ഭീഷണിയാണ്.

പ്ലാസ്റ്റിക്കിൻ്റെ നീരാളിപ്പിടുത്തം പ്രകൃതിയെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. ഇതിൽ നിന്നെല്ലാം നമ്മുടെ ഭൂമി സംരക്ഷിക്കുക, ഭാവിതലമുറയ്ക്കും മറ്റു ജീവഗണങ്ങൾക്കും ആരോഗ്യത്തോടെ സമാധാനത്തോടെ സഹവർത്തിത്തത്തോടെ ജീവിക്കാൻ പറ്റുന്നവിധം പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുപോകുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

പ്ലാസ്റ്റിക് ബോംബായിരുന്ന ബ്രഹ്മപുരത്തെ പച്ചപ്പിലേക്ക് തിരിച്ചുകൊണ്ടുവരാൻ നടത്തിയ പരിശ്രമത്തിന്റെ ചെറിയൊരു പങ്കുമാത്രം മതി നമുക്ക് ചുറ്റുമുള്ള മാലിന്യം ഇല്ലാതാക്കാൻ. ഇതിനായി മാലിന്യ സംസ്കരണം നമ്മുടെ ഉത്തരവാദിത്തമായി കണ്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനായി നാം ഓരോരുത്തരും മുന്നോട്ട് വരേണ്ടതുണ്ട്.

കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ പരിരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഈ തിരിച്ചറിവോടെ കാർബൺ ബഹിർഗമനവും പ്ലാസ്റ്റിക് മാലിന്യവും കുറയ്ക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.