'ഒരു തൈ നടാം'; ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

post

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന് ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് തുടക്കം കുറിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ക്ലിഫ് ഹൗസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങിൽ നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതിയെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സമഗ്ര വൃക്ഷവൽക്കരണ പ്രവർത്തനവും ലക്ഷ്യമിട്ട് സെപ്റ്റംബർ 30 വരെയാണ് ഒരു തൈ നടാം ക്യാമ്പയിൻ. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളുടെ തൈകൾ നട്ടുപിടിപ്പിക്കുന്നതിൽ ക്യാമ്പയിൻ പ്രത്യേകം ശ്രദ്ധ നൽകും. ക്ലിഫ് ഹൗസിൽ നടുന്ന വൃക്ഷത്തൈകളായ കുളമാവ്, ആറുപുന്ന, ഉണ്ടപൈൻ, കമ്പകം, പൊന്നുഞാവൽ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ജില്ലാതല പരിപാടിയിൽ മന്ത്രിമാർ, എം.എൽ.എ.മാർ, എം.പി.മാർ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

നടുന്ന തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, കൃഷി ഓഫീസർ, കർഷകർ എന്നിവരുടെ നേതൃത്വത്തിൽ പരിപാലന സമിതി രൂപീകരിക്കും.

ലോകപരസ്ഥിതി ദിനാഘോഷം : മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇക്കൊല്ലത്തെ ലോക പരസ്ഥിതിദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 5ന് രാവിലെ 10ന് എച്ച്.ആർ.ഡി കോപ്ലക്സിലെ അരണ്യം ഹാളിൽ വനം വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിക്കും. ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. 12 ഓൺലൈൻ സേവനങ്ങൾ അടങ്ങിയ ഇ-ഗവേണൻസ് ഡിജിറ്റൽ സ്യൂട്ടിന്റെ റിലീസ്, വനം വകുപ്പിന്റെ നേട്ടങ്ങളുടെ പുസ്തക പ്രകാശനം എന്നിവ ചടങ്ങിൽ നിർവഹിക്കും.

വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ അരണ്യം പരിസ്ഥിതിദിന പ്രത്യേക പതിപ്പ് പ്രകാശനവും പരിസ്ഥിതിദിന സന്ദേശവും നൽകും. പരിസ്ഥതിദിനവുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് അസി. പ്രൊഫസർ ഡോ. സുവർണ്ണാദേവി എസ്. വിഷയാവതരണം നടത്തും.

എ.പി.സി.സി.എഫ്. മാരായ പ്രമോദ് ജി. കൃഷ്ണൻ, ഡോ. എൽ. ചന്ദ്രശേഖർ, ജസ്റ്റിൻ മോഹൻ, കൗൺസിലർ വി.ജി. ഗിരികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ഡോ. പി. പുകഴേന്തി (എ. പി. സി. സി. എഫ് ഫിനാൻസ് ബഡ്ജറ്റ് & ആഡിറ്റ്, സോഷ്യൽ ഫോറസ്ട്രി & ഐ.റ്റി.) സ്വാഗതവും ഫോറസ്റ്റ് കൺസർവേറ്റർ (എച്ച്.ആർ.ഡി.) ഡി.കെ. വിനോദ് കുമാർ നന്ദിയും പറയും.