കിളിമാനൂർ ഗവ. ടൗൺ യു.പി.എസിൽ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

post

പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂർ ഗവ. ടൗൺ യു.പി.എസ് : മന്ത്രി വി ശിവൻകുട്ടി

കിളിമാനൂർ ഗവ. ടൗൺ യു.പി.എസിലെ ബഹുനിലമന്ദിരത്തിന്റെ ശിലാ സ്ഥാപനം, നവീകരിച്ച സ്‌കൂൾ അങ്കണം, പ്രവേശന കവാടം, ചുറ്റുമതിൽ എന്നിവയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസം- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള സർക്കാർ അവതരിപ്പിച്ച പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂർ ഗവ. ടൗൺ യു.പി.എസിലെ ബഹുനിലമന്ദിരത്തിന്റെ ശിലാ സ്ഥാപനമെന്നും, നമ്മുടെ കുട്ടികൾക്ക് വിജ്ഞാനത്തിന്റെ പുതിയ ഉയരങ്ങളിലേയ്ക്ക് പറക്കാനുള്ള ശക്തിയേകുന്ന നിർമാണങ്ങളാണ് ഇതെന്ന് നമ്മൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലെ സാമൂഹിക പുരോഗതിയുടെ അടിത്തറയാണ്. നമ്മുടെ ഭാവി ഭദ്രമാക്കാൻ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതാണ് നമ്മുടെ പ്രതിബദ്ധത എന്നും അതിന്റെ ഭാഗമായാണ് ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനമെന്നും മന്ത്രി പറഞ്ഞു.


പുതിയ കെട്ടിടം സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങളിൽ പുതിയ അധ്യായം തുറക്കുകയാണ്. കൂടുതൽ വിദ്യാർഥികൾക്ക് മനോഹരമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ ഇത് സഹായിക്കും. വിദ്യാഭ്യാസത്തെ കേവലം ജ്ഞാനത്തിന്റെ ഇടം എന്നതിൽ നിന്നല്ല, സമൂഹത്തെ മാറ്റിനിർമിക്കുന്ന ശക്തിയായി കാണുന്ന ഒരു ഭാവിയാണ് നമ്മൾ കൈവരിക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിളിമാനൂർ ഗവ. ടൗൺ യു.പി.എസിന് കിഫ്ബി മുഖാന്തിരം പൊതുവിദ്യാഭ്യാസ വകുപ്പ് 1 കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബഹുനില മന്ദിരം നിർമിക്കുന്നത്. പൊതുമരാമത്ത് കെട്ടിടവിഭാഗം 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സ്‌കൂൾ അങ്കണം, ചുറ്റുമതിൽ, പ്രവേശന കവാടം എന്നിവ പൂർത്തിയാക്കിയത്.

ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബി.പി. മുരളി, ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.