ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം 2.0 ക്യാമ്പയിന് കണ്ണൂരിൽ തുടക്കം

post

ലോക പുകയില വിരുദ്ധ ദിനചരണത്തോടനുബന്ധിച്ച് ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍ 'ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം 2.0 പരിപാടിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും കെ.പി മോഹനന്‍ എം.എല്‍.എ നിര്‍വഹിച്ചു. പുകയിലക്കെതിരെ പുതുതലമുറക്കിടയില്‍ കൂടുതല്‍ ബോധവല്‍ക്കരണം കൊണ്ടുവരണമെന്നും എല്ലാവരും ക്യാമ്പയിന്റെ ഭാഗമായി സഹകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.

ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 മുതല്‍ ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 വരെയാണ് ക്യാമ്പയിന്‍. രണ്ടാംഘട്ടത്തില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന വദനാര്‍ബുദം, വന്‍കുടല്‍ ക്യാന്‍സര്‍ എന്നിവ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ പുകയിലക്കെതിരായ ബോധവല്‍ക്കരണം നടത്തും. ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഒന്നാംഘട്ടമായി സ്ത്രീകളില്‍ ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയാണ് നടത്തിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആദ്യ നടപടിയെന്ന നിലയില്‍ കുട്ടികള്‍ക്കിടയിലുള്ള പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണമാണ് നടത്തുന്നത്. ജൂണ്‍ മാസത്തോടെ ജില്ലയിലെ വിദ്യാലയങ്ങള്‍ പുകയിലരഹിതമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വദനാര്‍ബുദ പരിശോധനക്കായുള്ള സൗകര്യം ഒരുക്കും. ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും. പുകയില കമ്പനികളുടെ തന്ത്രങ്ങള്‍ തുറന്നു കാട്ടാം എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദാ മുഫസിര്‍, ഡിഎംഒ ഡോ. എം പീയുഷ് നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.ടി രേഖ, എന്‍ എച്ച് എം ഡിപിഎം ഡോ അനില്‍ കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ എസ്.എസ് ആര്‍ദ്ര, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.