ഹരിത നഗരം ക്യാമ്പയിൻ 'വിമെൻ ഫോർ ട്രീ' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് അമൃത് പദ്ധതിയുടെ ഭാഗമായി നടത്തുന്ന അമൃത് മിത്ര പദ്ധതിയുടെ ഉദ്യമമായ ഹരിത നഗരം ക്യാമ്പയിൻ 'വിമെൻ ഫോർ ട്രീ' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്ത് അമൃത് മിഷൻ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ 6 മുതൽ ആഗസ്റ്റ് വരെ വൃക്ഷത്തൈകൾ നടും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 93 നഗരസഭകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ തണൽ വൃക്ഷങ്ങളും ഫലവൃക്ഷ തൈകളും നടും. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി സംയുക്ത സ്ഥല പരിശോധന നടന്നുവരികയാണ്. സ്ഥല പരിശോധനയ്ക്ക് ശേഷം കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുകയും അവരെക്കൊണ്ട് വൃക്ഷത്തൈകൾ നടീക്കുകയും ചെയ്യും. സെപ്റ്റംബർ മുതൽ രണ്ട് വർഷം അമൃത് മിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് വൃക്ഷത്തൈ പരിപാലനവും നടത്തും.