കായലിന്റെ മനോഹാരിത ആസ്വദിച്ച് ഭക്ഷണം കഴിക്കാം; ഫ്‌ലോട്ടില്ല നീറ്റിലിറങ്ങി

post

തിരുവനന്തപുരം:കായലിന്റെ മനോഹാരിത ആസ്വദിച്ച് രുചിയേറിയ ഭക്ഷണം കഴിക്കാന്‍ വേളിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി ഫ്‌ലോട്ടിങ് റെസ്റ്റോറന്റ് ഒരുങ്ങി.  പുത്തന്‍ രൂപത്തിലും ഭാവത്തിലും കൊതിയൂറുന്ന രുചിയുടെ അകമ്പടിയോടെയാണ് ഫ്‌ലോട്ടില്ല എന്ന ഫ്‌ളോട്ടിങ് റെസ്റ്റോറന്റ്  സഞ്ചാരികളെ വരവേല്‍ക്കുന്നത്. വേളി ടൂറിസ്റ്റ് വില്ലേജിലെ ഗാര്‍ഡന്‍, തടാകത്തിലെ ബോട്ട് സവാരി, കടല്‍ത്തീരം, എന്നിവയ്‌ക്കൊപ്പമാണ് ഇവിടെ ഫ്‌ലോട്ടിങ് റസ്റ്റോറന്‍ഡുമുള്ളത്. ഓഖിയില്‍ തകര്‍ന്ന് പ്രവര്‍ത്തനം നിലച്ച കെ ടി ഡി സി യുടെ ഈ ഫ്‌ലോട്ടിങ് അത്ഭുതം 70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാന ടൂറിസം വകുപ്പ് പൂര്‍ണമായും നവീകരിച്ചത്. വേളിക്കായലില്‍ ഫെറോ സിമന്റ് പ്ലാറ്റ്‌ഫോമില്‍ ആഞ്ഞിലിയുടെയും തേക്കിന്റെയും തടിയിലാണ് റസ്റ്റോറന്റ് നിര്‍മിച്ചത്.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നടപ്പാതയിലൂടെയാണ് റസ്റ്റോറന്റിലേക്ക് പ്രവേശനം.പ്രൊഫഷണല്‍ കുക്കിന്റെ അടക്കം സേവനം 'ഫ്‌ലോട്ടില്ല'യില്‍ ഒരുക്കിയിട്ടുണ്ട്. 3075 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താഴത്തെ നിലയില്‍ 14 ടേബിളിലുകളിലായി 56 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കും.675 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുകള്‍നിലയില്‍ ഏഴ് ടേബിളുകളിലായി 28 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ബര്‍ഗറുകള്‍, സാന്‍വിച്ചുകള്‍, ഐസ്‌ക്രീമുകള്‍, മില്‍ക്ക് ഷേക്കുകള്‍ അടക്കം ഇവിടെ ലഭ്യമാണ്.ഫ്‌ലോട്ടില്ല റെസ്റ്റോറന്റ് ചെറിയ ഒത്തുചേരലുകള്‍ക്ക് ഏറ്റവും അനുയോജ്യമാണ്.