നവീകരിച്ച ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങലിൽ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പ്രാദേശിക തലത്തിൽ വിദ്യാഭ്യാസ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും നാഡീകേന്ദ്രമാണ് എ.ഇ.ഒ ഓഫീസെന്നും നയങ്ങൾ പ്രായോഗികതയുമായി പൊരുത്തപ്പെടുന്നതും സ്വപ്നങ്ങൾ രൂപപ്പെടുന്നതും ഇവിടെയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം എപ്പോഴും നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്. ക്ലാസ് മുറികളും പാഠപുസ്തകങ്ങളും മാത്രമല്ല അത് പ്രവർത്തിപ്പിക്കുന്ന വ്യക്തികളും കൂടി ഉൾപ്പെടുന്നതാണ് ഏതൊരു വിദ്യാഭ്യാസ സംവിധാനത്തിന്റെയും ശക്തി. അത് നമ്മുടെ അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരാണെന്നും മന്ത്രി പറഞ്ഞു.
ഹരിത ഓഫീസ് ആരംഭിക്കുന്നത്തിന്റെ ഭാഗമായി 7,05,600 രൂപ വിനിയോഗിച്ച് സോളാർ സംവിധാനം നടപ്പിലാക്കി. 2024-25 സാമ്പത്തിക വർഷത്തെ നവീകരണ പ്രവർത്തികൾക്ക് വേണ്ടി 10,87,184 തുക വിനിയോഗിച്ച് ഓഫീസ് പൂർണമായും നവീകരിച്ചു. 2022 ഏപ്രിൽ മുതൽ 'ഇ-ഓഫീസ്' സംവിധാനത്തിലാണ് ഇവിടെ പ്രവർത്തനം നടക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഒ.എസ്.അംബിക എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. സജി, ഉപജില്ല വിദ്യാഭ്യാസ ഓഫീസ് സീനിയർ സൂപ്രണ്ട് ദിനേശ്. കെ എന്നിവർ പങ്കെടുത്തു.