അയ്മനം ഗ്രാമ പഞ്ചായത്തിൽ പ്രളയ മോക്ഡ്രിൽ സംഘടിപ്പിച്ചു
 
                                                പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില എന്നിവയുടെ നേതൃത്വത്തിൽ കോട്ടയം താലൂക്കിലെ അയ്മനം ഗ്രാമ പഞ്ചായത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ പുലിക്കുട്ടിശ്ശേരി പുത്തൻത്തോട് പാലത്തിനു സമീപമായിരുന്നു മോക്ക്ഡ്രിൽ നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർദ്ധിപ്പിക്കുന്നതിനായി പമ്പാനദീതട ജില്ലകളിൽ റീ- ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്‌സ് പദ്ധതിയുടെ ഭാഗമായാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലയിലെ ഏറ്റുമാനൂർ നഗരസഭ, അയ്മനം, അതിരമ്പുഴ, ആർപ്പൂക്കര, കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് മോക്ഡ്രിൽ നടത്തിയത്.
പൊലീസ്, അഗ്‌നിരക്ഷാ സേന, ആരോഗ്യം, റവന്യു, സിവിൽ സപ്ലൈ, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നത്. കോട്ടയം വെസ്റ്റ് പോലീസ്, അഗ്‌നിരക്ഷാസേന, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ്, കെ.എസ്.ആർ.ടി.സി എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന അവലോകന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി രാജേഷ്, അനീഷ്‌കുമാർ, വൈസ് പ്രസിഡന്റുമാരായ മനോജ് കരീമഠം, ആലിസ് ജോസഫ്, ആർഷ ബൈജു, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽ കുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ രാജേഷ് ജി. നായർ, എബി എബ്രഹാം, കില ഡി.ആർ.എം വിദഗ്ധൻ ഡോ. രാജ്കുമാർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.










